സ്പേസ് എക്സിന്റെ ക്രൂ-10 വിക്ഷേപണം വിജയകരം; ലക്ഷ്യം സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടങ്ങിവരവ് ഉടൻ

Mar 15, 2025 - 09:47
 0
സ്പേസ് എക്സിന്റെ ക്രൂ-10 വിക്ഷേപണം വിജയകരം; ലക്ഷ്യം സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടങ്ങിവരവ് ഉടൻ

സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടങ്ങി വരവ് ലക്ഷ്യമിട്ടുകൊണ്ട് വിക്ഷേപിച്ച സ്പേസ് എക്സ് പേടകം ഡ്രാഗൺ ക്രൂ 10 വിജയകരം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് ഫാൽക്കൺ – 9 റോക്കറ്റിൽ ക്രൂ -10 പേടകം പുറപ്പെട്ടത്. ഇന്ത്യൻ സമയം പുലർച്ചെ 4.33-നായിരുന്നു (പ്രാദേശിക സമയം വൈകിട്ട് 7.03-ന്) ആയിരുന്നു വിക്ഷേപണം. നാസയും സ്പേക്സ് എക്സും ചേർന്നായിരുന്നു നേതൃത്വം നൽകിയത്.

പേടകത്തിൽ 4 പുതിയ ബഹിരാകാശ സഞ്ചാരികളുമുണ്ട്. നാസയുടെ തന്നെ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്സയിലെ തകുയ ഒനിഷി, റഷ്യൻ റോസ്കോസ്മോസിന്റെ കിറിൽ പെസ്കോവ് എന്നിവരാണ് ക്രൂ – 10 ദൗത്യത്തിന്റെ ഭാഗമായി ഐഎസ്എസിലേക്ക് ഇന്ന് പുലർച്ചെ യാത്ര തിരിച്ചത്.

ശനിയാഴ്ച രാത്രി 11.30-ഓടെ പേടകം ഐഎസ്എസുമായി ഡോക്കിങ് നടത്തും. മാര്‍ച്ച് 19 ബുധനാഴ്ച സുനിത ഉള്‍പ്പെടെയുള്ളവരുമായി പേടകം ഭൂമിയിലേക്ക് തിരിക്കും. ദൗത്യം വിജയകരമായി പൂർത്തീകരിച്ചാൽ മാസങ്ങളായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിരകെ ഭൂമിയിൽ എത്തിക്കാൻ സാധിക്കും.

എട്ടു ദിവസത്തെ ദൗത്യത്തിനാണ് ബോയിംഗിന്‍റെ പരീക്ഷണ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ 2024 ജൂണില്‍ ഭൂമിയില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സുനിത വില്യംസും ബുച്ച് വിൽമോറും പറന്നത്. എന്നാൽ, 9 മാസത്തിലധികമായി ഇവർ കുടുങ്ങി കിടക്കുകയാണ്. സ്റ്റാർലൈൻ പേടകത്തിലെ സാങ്കേതിക പ്രശ്നമാണ് ഇരുവര്‍ക്കും മുന്‍നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് മടങ്ങാനാവാതെ വന്നത്. പലതവണ ഇരുവരെയും മടക്കികൊണ്ടുവരാന്‍ നാസ ശ്രമിച്ചുവെങ്കിലും ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകള്‍ക്ക് തകരാറുമുള്ള, സ്റ്റാര്‍ലൈനറിന്‍റെ അപകട സാധ്യത മുന്നില്‍ക്കണ്ട് മടക്കയാത്ര നീട്ടിവച്ചു. ഇതിന് ശേഷം ആളില്ലാതെ സ്റ്റാര്‍ലൈനര്‍ ലാന്‍ഡ് ചെയ്യിക്കുകയാണ് നാസ ചെയ്തത്.