മരണമുനമ്പില്‍ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത് പരിശുദ്ധാത്മാവെന്ന് ഇന്തോനേഷ്യന്‍ പൈലറ്റിന്റെ സാക്ഷ്യം

മരണമുനമ്പില്‍ നിന്നു നൂറ്റിനാല്‍പ്പതോളം പേരുടെ ജീവന്‍ രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞത് പരിശുദ്ധാത്മാവിന്റെ ഇടപെടല്‍ മൂലമെന്ന് ഇന്തോനേഷ്യന്‍ പൈലറ്റിന്റെ സാക്ഷ്യം. ഉജുങ്ങ് പാണ്ടാങ്ങില്‍ നിന്നും

Oct 12, 2018 - 19:34
 0
മരണമുനമ്പില്‍ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത് പരിശുദ്ധാത്മാവെന്ന് ഇന്തോനേഷ്യന്‍ പൈലറ്റിന്റെ സാക്ഷ്യം

 മരണമുനമ്പില്‍ നിന്നു നൂറ്റിനാല്‍പ്പതോളം പേരുടെ ജീവന്‍ രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞത് പരിശുദ്ധാത്മാവിന്റെ ഇടപെടല്‍ മൂലമെന്ന് ഇന്തോനേഷ്യന്‍ പൈലറ്റിന്റെ സാക്ഷ്യം. ഉജുങ്ങ് പാണ്ടാങ്ങില്‍ നിന്നും പാലുവിലേക്കുള്ള ബാട്ടിക് വിമാനമാണ് ഭൂകമ്പത്തില്‍ നിന്നും, സുനാമി തിരകളില്‍ നിന്നും പതിവ് നടപടി ക്രമങ്ങള്‍ പാലിക്കാതെ ക്യാപ്റ്റന്‍ ഇക്കൊസ് മാഫെല്ല എന്ന പൈലറ്റ് അടിയന്തിരമായി ഉയര്‍ത്തിയത്. ഇതിന് തന്നെ പ്രേരിപ്പിച്ചത് പരിശുദ്ധാത്മാവാണെന്ന് അദ്ദേഹം അടിവരയിട്ട് സാക്ഷ്യപ്പെടുത്തുന്നു. സെപ്റ്റംബര്‍ 30-ന് ജക്കാര്‍ത്തയിലെ ദേവാലയത്തില്‍ വച്ചാണ് ക്യാപ്റ്റന്‍ മാഫെല്ല താന്‍ അനുഭവിച്ചറിഞ്ഞ പരിശുദ്ധാത്മാവിന്റെ ഇടപെടല്‍ അനേകരുടെ മുന്നില്‍ തുറന്നു പറഞ്ഞത്.

സെപ്റ്റംബര്‍ 28-ന് വിമാനത്തിന്റെ കോക്ക്പിറ്റില്‍ പ്രവേശിച്ചത് മുതല്‍ താന്‍ ദൈവത്തിന്റെ സ്തുതിഗീതങ്ങള്‍ പാടുകയും ദൈവത്തെ സ്തുതിക്കുകയുമായിരുന്നു. സാധാരണയായി മൂളുക മാത്രം ചെയ്യാറുള്ള താന്‍ അന്ന് പതിവിന് വിപരീതമായി ഉച്ചത്തില്‍ തന്നെ ദൈവത്തെ സ്തുതിച്ചു. പാലു എയര്‍പോര്‍ട്ടില്‍ വിമാനം നിലം തൊടാറായപ്പോഴേക്കും കാറ്റിന്റെ ശക്തി കൂടി. വിമാനം നിലത്തിറക്കുന്നതിന് മുന്‍പ് ഒരു വട്ടംകൂടി വലം വെക്കുവാന്‍ മനസ്സില്‍ ശക്തമായ ബോധ്യമുണ്ടായി. പിന്നീട് ഇരുപതിമൂന്നാമത്തെ സങ്കീര്‍ത്തനം ചൊല്ലിക്കൊണ്ട്‌ വളരെ ശ്രദ്ധയോട് കൂടിയാണ് താന്‍ വിമാനം താഴെ ഇറക്കിയത്.

വിമാനം നിലത്തിറക്കിയതിനു ശേഷവും ഉജുങ്ങ് പാണ്ടാങ്ങിലേക്കുള്ള പുറപ്പെടല്‍ പെട്ടെന്നാക്കണമെന്ന് പരിശുദ്ധാത്മാവ് ഒരിക്കല്‍കൂടി തന്നോടു പറയുന്നതായി അനുഭവപ്പെട്ടു. അതിന്‍ പ്രകാരം വിശ്രമ സമയം ലഘൂകരിക്കുവാന്‍ അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെടുകയായിരുന്നു. കോക്ക്പിറ്റില്‍ നിന്നും പുറത്ത് പോകാതെ ഷെഡ്യൂളില്‍ നിന്നും 3 മിനിറ്റ് നേരത്തേ പുറപ്പെടുവാനുള്ള അനുവാദത്തിനായി കണ്‍ട്രോള്‍ ടവറുമായി മാഫെല്ല ബന്ധപ്പെട്ടു. എയര്‍ കണ്‍ട്രോളറായ അന്തോണിയുസ് അഗുങ്ങില്‍ നിന്നും അനുവാദം ലഭിച്ച ഉടന്‍ തന്നെ പുറപ്പെടുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി.

നിലത്ത് നിന്നും ഉയരുന്നതിന് മുന്‍പായി വിമാനം റണ്‍വേയിലൂടെ കുതിച്ച് പാഞ്ഞപ്പോള്‍ താന്‍ അറിയാതെ തന്നെ തന്റെ കൈ വിമാനത്തിന്റെ വേഗം കൂട്ടുന്ന ലിവറില്‍ അമര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നു മാഫെല്ല പറയുന്നു. വിമാനം നിലത്ത് നിന്നും ഉയര്‍ന്ന ഉടന്‍ തന്നെയാണ് ശക്തമായ ഭൂകമ്പം പാലുവിനെ പിടിച്ച് കുലുക്കിയത്‌. വിമാനത്തിനു അനുവാദം നല്‍കിയ എയര്‍ കണ്‍ട്രോളറായ അന്തോണിയുസ് അഗുങ്ങും ഭൂകമ്പത്തില്‍ മരിച്ചിരിന്നു. 3 മിനിറ്റ് കൂടി വൈകിയിരുന്നെങ്കില്‍ എനിക്കു 140 ജീവനുകള്‍ രക്ഷിക്കുവാന്‍ കഴിയുമായിരുന്നില്ല. തന്റെ സഹ പൈലറ്റുമാര്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ സ്വന്തമായി ചെയ്തുകൊണ്ട് അടിയന്തിരമായി വിമാനം ഉയര്‍ത്തുവാന്‍ തന്നെ സഹായിച്ചത് പരിശുദ്ധാത്മാവാണെന്നാണ് അദ്ദേഹം വീണ്ടും സാക്ഷ്യപ്പെടുത്തുന്നു. ഏതു പ്രതിസന്ധി ഘട്ടത്തിലും ദൈവത്തിന്റെ ശബ്ദം ശ്രവിക്കുവാന്‍ നാം തയാറാകണമെന്ന് വിശ്വാസികളെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ക്യാപ്റ്റന്‍ മാഫെല്ല തന്റെ അനുഭവ സാക്ഷ്യം അവസാനിപ്പിച്ചത്