ഛത്തീസ്ഗഡില്‍ കത്തോലിക്ക ദേവാലയം തകര്‍ത്തു; ക്രൈസ്തവര്‍ ഭീതിയില്‍
Catholic church vandalized in Chhattisgarh
ഛത്തീസ്ഗഡിലെ നാരായൺപുരിൽ കത്തോലിക്കാ ദേവാലയം അക്രമിസംഘം അടിച്ചുതകർത്തു. ജഗദല്‍പുർ സീറോ മലബാർ രൂപതയ്ക്കു കീഴിലുള്ള നാരായൺപുർ ബംഗ്ലാപ്പാറയിൽ സേക്രഡ് ഹാർട്ട് ദേവാലയത്തിന് നേരെയാണ് സായുധധാരികളായ നൂറുകണക്കിനാളുകളുടെ നേതൃത്വത്തില്‍ ആക്രമണമുണ്ടായത്. സംഘപരിവാർ പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സർവ ആദിവാസി സംഘടനയുടെ നേതൃത്വത്തിലായിരിന്നു ആക്രമണം. കഴിഞ്ഞ ഏതാനും ആഴ്ചകളായി നാരായൺപുരിലും സമീപപ്രദേശങ്ങളിലും ക്രൈസ്തവർക്കു നേരേ നടക്കുന്ന അക്രമങ്ങളുടെ തുടർച്ചയാണ് ഇന്നലെ(02/01/2023) നടന്ന ആക്രമണമെന്നും പ്രദേശവാസികൾ പറഞ്ഞു.
നാരായൺപുർ ടൗണിലെ മാർക്കറ്റിന്റെ പരിസരത്തുനിന്നു കുറുവടികളും കല്ലുകളുമായി പ്രകടനമായെത്തിയ സംഘമാണ് അക്രമം അഴിച്ചുവിട്ടത്. അക്രമം ഭയന്ന് പള്ളിയുടെ ഗേറ്റ് അധികൃതർ അടച്ചിട്ടിരുന്നുവെങ്കിലും ഇതു തകർത്ത അക്രമികൾ ആദ്യം പള്ളിക്കു നേരേ ആക്രമണം ആരംഭിക്കുകയായിരിന്നു.
അതേസമയം സംഭവസ്ഥലത്തെത്തിയ പോലീസിനു നേരെയും അക്രമികളുടെ മര്‍ദ്ദനമുണ്ടായി. നാരായൺപുർ പോലീസ് സൂപ്രണ്ട് സദാനന്ദകുമാർ ഉൾപ്പെടെ മൂന്നു പോലീസുകാർക്കു പരിക്കേറ്റു. ഇതിനിടെ എസ്എബിഎസ് കോൺവെന്‍റിന് നേരെയും ആക്രമണമുണ്ടായി. കോൺവെന്റിലെ സന്യാസിനിമാരെ മിഷൻ ആശുപത്രിയിലേക്കു മാറ്റി. അക്രമം നടക്കുമ്പോള്‍ സമീപത്തെ വിശ്വദീപ്തി സ്കൂളിൽ വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ഇവരെയും അധ്യാപകരെയും പോലീസ് ഇടപെട്ടാണു സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയത്. ജഗദൽപൂർ രൂപതയുടെ പ്രധാന ദേവാലയങ്ങളിലൊന്നാണ് നാരായൺപുരിലെ സേക്രഡ് ഹാർട്ട് പള്ളി.
Also Read മതപരിവർത്തനം ആരോപിച്ച് പള്ളി തകർത്ത സംഭവം: അഞ്ച് പേർ അറസ്റ്റിൽ
രണ്ടു വർഷം മുമ്പാണ് പള്ളി നിർമിച്ചത്. അതേസമയം നാരായൺപുരിലെ സേക്രട്ട് ഹാർട്ട് പള്ളിയ്ക്കും സ്ഥാപനങ്ങൾക്കും നേരെ ആക്രമണം നടത്തിയവർക്കെതിരേ ഉടൻ നടപടിയെടുക്കുമെന്നു ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ വ്യക്തമാക്കി. സംഭവത്തില്‍ നടപടിയെടുക്കണമെന്ന ആവശ്യവുമായി ഇന്നലെ വൈകുന്നേരം റായ്പൂർ ആർച്ച്ബിഷപ് ഡോ. വിക്ടർ ഹെന്റി ടാക്കൂർ മുഖ്യമന്ത്രിയെ സന്ദർശിച്ചിരിന്നു. ഇതിനിടെ അക്രമം ഭയന്ന് പ്രദേശത്തു നിന്ന്‍ നിരവധി ക്രൈസ്തവര്‍ പലായനം ചെയ്തിട്ടുണ്ട്.
ഛത്തീസ്ഗഡിൽ ക്രൈസ്തവ സമൂഹത്തിനെതിരേയുള്ള അക്രമത്തിൽ കർശന നടപടി വേണം: യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം