പാക്കിസ്ഥാനില്‍ നിരപരാധിയായ ക്രൈസ്തവ വിശ്വാസി വ്യാജ മതനിന്ദക്കേസിൽ തടങ്കലില്‍

Jun 24, 2024 - 12:21
 0

റിക്ഷയിൽ നിന്ന് ഖുറാനിൻ്റെ പേജുകളെന്ന് പറയപ്പെടുന്നവ അശ്രദ്ധമായി ഉപേക്ഷിച്ചുവെന്നും അതില്‍ ചവിട്ടിയെന്നും ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത പാക്ക് ക്രൈസ്തവ വിശ്വാസി തടവില്‍. മുപ്പത്തിയഞ്ചു വയസ്സു മാത്രം പ്രായമുള്ള കത്തോലിക്ക വിശ്വാസിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ ഡെന്നിസ് ആൽബർട്ടിനെതിരെ പാക്കിസ്ഥാനിലെ മതനിന്ദ നിയമത്തിന്റെ വകുപ്പ് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. സെക്ഷൻ 295-എ, മതവികാരം വ്രണപ്പെടുത്തൽ, സെക്ഷൻ 295-ബി- ഖുറാന്‍ അവഹേളനം എന്നിവ പ്രകാരം പരമാവധി 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നവയാണ് കുറ്റ പത്രത്തില്‍ ചാര്‍ത്തിയിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റിക്ഷയ്ക്ക് സമീപം നഗ്നപാദനായി ചില പേജുകളിൽ ആൽബർട്ട് നിൽക്കുന്നത് താൻ കണ്ടുവെന്നും സൂക്ഷ്മമായി അവ പരിശോധിച്ചപ്പോൾ ഇസ്ലാമിക ഗ്രന്ഥമായ ഖുറാനാണെന്ന് കണ്ടെത്തിയെന്നും മുബീൻ ഇല്യാസ് എന്നയാളുടെ പരാതിയില്‍ പറയുന്നു. അതേസമയം ഡെന്നിസ് മനഃപൂർവം ചെയ്ത പ്രവൃത്തിയാണെന്ന് തെളിയിക്കുന്ന യാതൊന്നും തന്നെയില്ലായെന്നും മതനിന്ദാ കുറ്റം നിരപരാധികളെ കുടുക്കുന്നതിനുള്ള മാര്‍ഗ്ഗമാക്കി മാറ്റിയിരിക്കുകയാണെന്നും ക്രിസ്റ്റ്യൻ ഡെയ്‌ലി ഇൻ്റർനാഷണൽ പ്രതിനിധി ജമാൽ, മോണിംഗ് സ്റ്റാർ ന്യൂസിനോട് പറഞ്ഞു.

യാത്രക്കാരനെ ജയിൽ റോഡിൽ ഇറക്കി പുതിയ യാത്രക്കാരനെ കാത്തിരിക്കുകയായിരുന്നുവെന്ന് ആൽബർട്ടിൻ്റെ സഹോദരൻ ഇമ്രാൻ പറഞ്ഞു. ഷൂസ് ഡെന്നീസിന്റെ റിക്ഷയിൽ ഉണ്ടായിരുന്നുവെന്നും പുതിയ യാത്രക്കാരനെ കാത്തിരിക്കാൻ മുച്ചക്ര വാഹനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ ചൂടിൽ നിന്ന് തൻ്റെ പാദങ്ങളെ സംരക്ഷിക്കുവാനായി റോഡരികിലെ ചില കടലാസ് കഷ്ണങ്ങളിൽ ചവിട്ടിയെന്നും ഇമ്രാൻ ആൽബർട്ട് ക്രിസ്റ്റ്യൻ ഡെയ്‌ലി ഇൻ്റർനാഷണൽ മോണിംഗിനോട് പറഞ്ഞു. പേജുകൾ ഇസ്ലാമിക ഗ്രന്ഥമാണെന്ന് ഡെന്നിസ് അപ്പോൾ അറിഞ്ഞിട്ടില്ലായിരിന്നു.

സഹോദരന്‍ നിരപരാധിയാണെന്ന് വാദിച്ചപ്പോഴും ഇല്യാസും മറ്റ് മുസ്ലീങ്ങളും തന്നെ ആക്രമിച്ചതായി ഇമ്രാൻ ആൽബർട്ട് പറഞ്ഞു. ലളിതമായ ജീവിതം നയിക്കുന്ന റിക്ഷാ ഡ്രൈവറാണ് തടവിലാക്കപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും വ്യക്തിയുടെയോ സമൂഹത്തിൻ്റെയോ മതവികാരം വ്രണപ്പെടുത്താൻ സഹോദരനു ഉദ്ദേശ്യമില്ലായിരിന്നു. പോലീസ് സ്റ്റേഷനിൽ എത്തുമ്പോഴേക്കും തൻ്റെ സഹോദരനെ ജയിലിലേക്ക് അയച്ചിരുന്നു. രാവിലെ 11 മണിയോടെ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ജുഡീഷ്യൽ റിമാൻഡിലായി ഏതാനും മണിക്കൂറുകൾക്ക് ശേഷം ജയിലിലേക്ക് അയയ്ക്കുകയായിരിന്നുവെന്നും സഹോദരന്‍ വെളിപ്പെടുത്തി.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0