ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് കുവൈറ്റ് റീജിയൻ വാർഷിക കൺവെൻഷന് അനുഗ്രഹീത പരിസമാപ്തി

Nov 16, 2026 - 18:26
 0
ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് കുവൈറ്റ് റീജിയൻ വാർഷിക കൺവെൻഷന് അനുഗ്രഹീത പരിസമാപ്തി

കുവൈറ്റ് സിറ്റി: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിദിന വാർഷിക കൺവെൻഷൻ അനുഗ്രഹീതമായി സമാപിച്ചു. നവംബർ 11, 12, 13 തീയതികളിൽ കുവൈറ്റ് സിറ്റിയിലെ നാഷണൽ ഇവാൻജെലിക്കൽ ചർച്ച് (NECK) കോമ്പൗണ്ടിലെ ചർച്ച് & പാരിഷ് ഹാളിലാണ് കൺവെൻഷൻ നടന്നത്.

കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (KTMCC) പ്രസിഡന്റ് ബ്രദർ കുരുവിള ചെറിയാന്റെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനം റീജിയൻ പ്രസിഡന്റ് പാസ്റ്റർ രഞ്ചി എം. ജോൺ ഉദ്ഘാടനം ചെയ്തു. മുളക്കുഴ മൗണ്ട് സീയോൻ ബൈബിൾ സെമിനാരി പ്രിൻസിപ്പൽ പാസ്റ്റർ നോബിൾ ജേക്കബ് മൂന്ന് ദിവസങ്ങളിലെയും പ്രധാന വചന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പ്രവാസ ജീവിതത്തിലെ പ്രതിസന്ധികൾക്കിടയിലും ക്രിസ്തുവാകുന്ന പാറയിൽ ഉറച്ചുനിൽക്കാനും, ബാഹ്യമായ പ്രകടനങ്ങൾക്കപ്പുറം നിർവ്യാജമായ വിശ്വാസത്തിലും വിശുദ്ധിയിലും വളരാനും അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു. വിശ്വാസികളുടെ യഥാർത്ഥ പൗരത്വം സ്വർഗ്ഗത്തിലാണെന്ന തിരിച്ചറിവോടെ കർത്താവിന്റെ മടങ്ങിവരവിനായി ഒരുക്കത്തോടെ കാത്തിരിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

കൺവെൻഷനോടനുബന്ധിച്ച് നവംബർ 13 വെള്ളിയാഴ്ച രാവിലെ 6.30 മുതൽ 9.30 വരെ സംയുക്ത സഭാ ആരാധന നടന്നു. കുവൈറ്റ് റീജിയൻ സംയുക്ത ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. റീജിയൻ പ്രസിഡന്റ് പാസ്റ്റർ രഞ്ചി എം. ജോൺ, വൈസ് പ്രസിഡന്റുമാരായ പാസ്റ്റർ സൈമൺ ജോസഫ്, പാസ്റ്റർ ബിജു ജോൺ എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ചു.

കുവൈറ്റിലെ ഇതര പെന്തക്കോസ്ത് സഹോദര സഭകളിലെ ദൈവദാസന്മാരുടെയും എൻ.ഇ.സി.കെ, കെ.ടി.എം.സി.സി പ്രതിനിധികളുടെയും സാന്നിധ്യം സമ്മേളനത്തിന് മാറ്റുകൂട്ടി. സെക്രട്ടറി ബ്രദർ എം.ടി. എബ്രഹാമിന്റെ നേതൃത്വത്തിലുള്ള റീജിയൻ കമ്മിറ്റി കൺവെൻഷന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകൻ പാസ്റ്റർ അലക്സ് കുര്യന്റെ സമാപന പ്രാർത്ഥനയോടും റീജിയൻ പ്രസിഡന്റ് പാസ്റ്റർ രഞ്ചി എം. ജോണിന്റെ ആശീർവാദത്തോടും കൂടി കൺവെൻഷന് തിരശ്ശീല വീണു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0