പ്രാർത്ഥനാ യോഗങ്ങളും ശുശ്രൂഷകളും തടസ്സമില്ലാതെ നടത്താൻ അനുവദിച്ചുകൊണ്ട് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചു, അസംഗഢ് ജില്ലാ മജിസ്‌ട്രേറ്റ്

Apr 18, 2024 - 08:00
 0
പ്രാർത്ഥനാ യോഗങ്ങളും ശുശ്രൂഷകളും തടസ്സമില്ലാതെ നടത്താൻ അനുവദിച്ചുകൊണ്ട് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചു, അസംഗഢ് ജില്ലാ മജിസ്‌ട്രേറ്റ്

അലഹബാദ് ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ച്, ഉത്തർപ്രദേശിലെ അസംഗഢ് ജില്ലാ മജിസ്‌ട്രേറ്റ്, അസംഗഡ് ജില്ലയിൽ പ്രാർത്ഥനാ യോഗങ്ങളും ശുശ്രൂഷകളും തടസ്സമില്ലാതെ നടത്താൻ അനുവദിച്ചുകൊണ്ട് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചു.

വിവിധ ക്രിസ്ത്യൻ സംഘടനകളെ പ്രതിനിധീകരിച്ച് നിർമല സുഖ്, ശ്യാമാനന്ദ് , സഞ്ജയ് കുമാർ എന്നിവർ തങ്ങളുടെ മതപരമായ പ്രവർത്തനങ്ങൾ സമാധാനപരമായി നടത്തുന്നതിന് സംരക്ഷണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത് 2023 ഡിസംബറിലാണ്. ചില സംഘടനകൾ പ്രാർത്ഥനകൾ നടത്തുന്നതിൽ നിന്നും മതപരിവർത്തനം നടത്തുന്നെന്ന  തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതിലൂടെ  തങ്ങളെ പ്രാർത്ഥനകളും അനുബന്ധ ശുശ്രൂഷകളും നടത്തുന്നത് തടയുന്നുവെന്ന് അവർ ആരോപിച്ചു.

2023 ഡിസംബർ 8-ന്, മതപരമായ പ്രാർത്ഥനകൾ നടത്തുന്നത് ഒരു നിയമത്തിൻ്റെയും ലംഘനമല്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ഹർജിക്കാരോട് തങ്ങളുടെ പരാതികളുമായി അസംഗഢ് ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിക്കാൻ നിർദ്ദേശിച്ചു. ലോക്കൽ പോലീസിൽ നിന്ന് ആവശ്യമായ അഭിപ്രായങ്ങൾ സ്വീകരിച്ച ശേഷം അത്തരത്തിലുള്ള ഏതെങ്കിലും അപേക്ഷ പരിഗണിച്ച് നിയമപ്രകാരം തീരുമാനമെടുക്കണമെന്ന് കോടതി ഉത്തരവിട്ടു.

 “കേസിൻ്റെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ, മതപരമായ പ്രാർത്ഥന നടത്തുന്നത് ഒരു നിയമത്തിൻ്റെയും ലംഘനമല്ലെന്ന് ഞങ്ങൾ കണ്ടെത്തി. ഭരണഘടനയ്ക്ക് കീഴിൽ ഓരോ പൗരനും തൻ്റെ വിശ്വാസവും മതപരമായ സഭയും ആചരിക്കാനും അനുഷ്ഠിക്കാനും അവകാശമുണ്ട്, അത് തീർച്ചയായും പൊതു ക്രമത്തിന് വിധേയമാണ്." കോടതി ഉത്തരവിൽ ഇങ്ങനെ അഭിപ്രായപ്പെട്ടു.

ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഹരജിക്കാർ ജില്ലാ മജിസ്‌ട്രേറ്റിന് നിവേദനം നൽകി, അദ്ദേഹം വിഷയത്തിൽ അന്വേഷണം ആരംഭിച്ചു. ഹരജിക്കാർ മതപരമായ പ്രാർത്ഥനകൾ യാതൊരു ശല്യമോ നിയമലംഘനമോ കൂടാതെ സമാധാനപരമായാണ് നടത്തുന്നതെന്ന് കാണിച്ച് പോലീസ് അധികൃതർ റിപ്പോർട്ട് സമർപ്പിച്ചു.

ഹരജിക്കാരിൽ നിന്നുള്ള റിപ്പോർട്ടുകൾ, മൊഴികൾ, മറ്റ് തെളിവുകൾ എന്നിവ പരിഗണിച്ച ശേഷം, 2024 ഏപ്രിൽ 10-ന് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചു.

ബഭംഗവൻ ഗ്രാമത്തിലെ റീവയിലെ ജീവൻ ജ്യോതി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻ്റായ ശ്യാമാനന്ദിന് സമാധാനപരമായി യേശുക്രിസ്തുവിൻ്റെ പ്രബോധനങ്ങളെക്കുറിച്ചുള്ള പ്രാർത്ഥനകളും ചർച്ചകളും നടത്താമെന്ന് ഉത്തരവിൽ പ്രത്യേകം പരാമർശിക്കുന്നു. അതുപോലെ, അസംഗഢിലെ സിവിൽ ലൈനിലെ മസിഹി പ്രാർത്ഥനാഭവൻ സേവാ സൻസ്ഥാൻ്റെ പ്രസിഡൻ്റ് നിർമ്മല സുഖ്, ധർമ്മപൂർ (അസൽപൂർ) ഗ്രാമത്തിലെ ന്യൂ ഹോപ്പ് റൈസിംഗ് ചർച്ച് ട്രസ്റ്റിൻ്റെ പ്രസിഡൻ്റ് സഞ്ജയ് കുമാർ എന്നിവർക്ക് അവരുടെ മതപരമായ സഭകളും പ്രാർത്ഥനകളും തടസ്സമില്ലാതെ നടത്താമെന്നു പ്രതേക ഉത്തരവിൽ പറയുന്നു