ബിജെപിക്ക് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനായില്ല; മണിപ്പൂരിൽ രാഷ്ട്രപതി ഭരണം
![ബിജെപിക്ക് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനായില്ല; മണിപ്പൂരിൽ രാഷ്ട്രപതി ഭരണം](https://christiansworldnews.com/uploads/images/202502/image_870x_67aec74225dfc.webp)
മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ രാജിക്ക് പിന്നാലെ കലാപബാധിതമായ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി കേന്ദ്രം. മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവച്ച് ദിവസങ്ങൾക്കകമാണ് ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കിയത്.
ബിരേൻ സിംഗിന് പിൻഗാമിയായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പൊതു സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം. പാർലമെൻറ് സമ്മേളനത്തിനു ശേഷം മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ബിരേൻ സിംഗിന്‍റെ പിൻഗാമിയെ ചൊല്ലി വലിയ ചേരിപ്പോര് ബിജെി എംഎൽഎമാർക്കിടയിലുണ്ട്. കഴിഞ്ഞ ദിവസം എംഎൽഎമാരുടെ യോഗം ചേർന്നെങ്കിലും മുഖ്യമന്ത്രിയുടെ കാര്യത്തിൽ സമവായമുണ്ടാകാതെ പിരിയുകയായിരുന്നു.
മണിപ്പൂരിന്റെ ചുമതലയുള്ള ബിജെപി നേതാവ് സംബിത് പത്രയും ബിജെപി സംസ്ഥാന പ്രസിഡണ്ട് ശാരദാദേവിയും ഗവർണർ അജയ്കുമാർ ഭല്ലയെകണ്ട് നിലവിലെ സ്ഥിതി വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിക്കൊണ്ട് കേന്ദ്രം വിജ്ഞാപനം ഇറക്കിയത്.