മണിപ്പൂരി ക്രൈസ്തവരെ സംരക്ഷിക്കുക: ബാംഗ്ലൂരിൽ ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധ ധര്‍ണ്ണ
കലാപത്തിന്റെ ഇരകളായി മാറിയ മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർണാടകയുടെ തലസ്ഥാനമായ ബാംഗ്ലൂരിൽ വിവിധ ക്രൈസ്തവ സംഘടനകൾ ഒത്തുചേർന്നു. ഇന്നലെ മെയ് 30 ചൊവ്വാഴ്ച ഇന്ത്യൻ ക്രിസ്ത്യൻ യൂണിറ്റി ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ സംഗമത്തിൽ മുന്നൂറോളം ആളുകളാണ് പങ്കെടുത്തത്. വിഷയത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ വേണമെന്ന് അവർ ആവശ്യപ്പെട്ടു. കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ചൂരചന്ത്പ്പൂർ, ഇംഫാൽ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും, അനേകർ ഭവനരഹിതരാവുകയും ചെയ്തിരുന്നു. ഇവരിൽ വലിയൊരു ശതമാനം ക്രൈസ്തവ വിശ്വാസികളാണ്. നൂറ്റിയന്‍പതില്‍പരം ക്രൈസ്തവ ദേവാലയങ്ങളാണ് സംസ്ഥാനത്ത് തകര്‍ക്കപ്പെട്ടത്.
നൂറുകണക്കിന് ദേവാലയങ്ങൾ തീ വെച്ച് നശിപ്പിച്ചതും, ക്രൈസ്തവരുടെ താമസസ്ഥലങ്ങൾ തകർത്തതും, ആളുകളെ കൊല ചെയ്തതും മനുഷ്യാവകാശത്തിന്റെ വലിയ ലംഘനമാണെന്ന് ഇന്ത്യൻ ക്രിസ്ത്യൻ യൂണിറ്റി ഫോറത്തിന്റെ അധ്യക്ഷൻ വിക്രം ആന്റണി പറഞ്ഞു. സംസ്ഥാന, ദേശീയ ആഭ്യന്തര വകുപ്പുകൾ കണ്ണടച്ചത് മൂലം വിഷയം കൈവിട്ടു പോവുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്നും വിക്രം ആന്റണി ആവശ്യപ്പെട്ടു. മെയ്തി സമുദായത്തെ പട്ടികവർഗ്ഗ പ്രഖ്യാപിക്കണമെന്നുള്ള ഹൈക്കോടതിയുടെ നിർദ്ദേശം മാർച്ച് 27നു പുറത്തു വന്നതിനുശേഷമാണ് സംസ്ഥാനത്ത് ഉടനീളം കലാപം പൊട്ടിപുറപ്പെട്ടത്.