പെന്തെക്കോസ്ത് മിഷൻ രാജ്യാന്തര കൺവെൻഷൻ ചെന്നൈയിൽ ആരംഭിച്ചു
വിശ്വാസികൾ ദൈവത്തെ കാത്തിരുന്നു ശക്തി പ്രാപിക്കണമെന്ന് പാസ്റ്റർ സാം ജോൺ (യു.എസ്) തന്റെ പ്രസംഗത്തിൽ പറഞ്ഞു. ദി പെന്തെക്കോസ്ത് മിഷൻ സഭകളുടെ ഏറ്റവും വലിയ ആത്മീയ സംഗമമായ ചെന്നൈ അന്തർദേശീയ കൺവൻഷൻ്റെ പ്രാരംഭ ദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭൗതികശക്തിയിൽ ആശ്രയിക്കുന്നവർ തളർന്ന് വീഴുന്ന സാഹചര്യത്തിൽ വിശ്വാസികൾ ദൈവത്തിൽ നിന്ന് അജയ്യമായ ശക്തി പ്രാപിച്ച് പ്രവർത്തിക്കേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി.തോമസിൻ്റെ പ്രാർഥനയോടെയാണ് കൺവെൻഷൻ ആരംഭിച്ചത്. മിഷൻ പ്രവർത്തകർ കൺവെൻഷൻ ഗാനങ്ങൾ ആലപിച്ചു.
താംമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ കൺവൻഷൻ സെന്ററിൽ നടക്കുന്ന കൺവെൻഷനിൽ ദിവസവും രാവിലെ നാലിന് സ്തോത്രാരാധന ,ഏഴിന് വിശ്വാസികൾക്കും ശുശ്രൂഷകർക്കും പ്രത്യേക ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം ,ഉച്ചകഴിഞ്ഞ് മൂന്നിനും രാത്രി പത്തിനും കാത്തിരിപ്പ് യോഗവും യുവജനങ്ങൾക്കായി പ്രത്യേക യോഗവും ,വൈകിട്ട് 6ന് സംഗീത ശുശ്രൂഷ ,സുവിശേഷ പ്രസംഗം ,ദൈവീക രോഗശാന്തി ശുശ്രൂഷ എന്നിവ നടക്കും.
12 ന് ഞായറാഴ്ച സംയുക്ത സഭായോഗത്തോടെ സമാപിക്കുന്ന യോഗങ്ങിൽ ചീഫ് പാസ്റ്റർ.ഏബ്രഹാം മാത്യൂ , ഡപ്യൂട്ടി ചീഫ് പാസ്റ്റർ.എം.റ്റി.തോമസ്, അസോ. ഡപ്യൂട്ടി ചീഫ് പാസ്റ്റർ. ജി. ജെയം എന്നിവരും സഭയുടെ പ്രധാന ശുശ്രൂഷകരും പ്രസംഗിക്കും.. പ്രസംഗങ്ങൾ തത്സമയം വിവിധ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 -ന് സംയുക്ത സഭാ യോഗവും വൈകിട്ട് 6-ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.
കൺവൻഷൻ ഗ്രൗണ്ടിലേക്ക് വിവിധയിടങ്ങളിൽ നിന്നും വാഹന സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. മാർച്ച് 13-ന് രാവിലെ സഭയുടെ വാർഷിക ജനറൽ ബോഡിയോഗവും വൈകിട്ട് പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും ഉണ്ടായിരിക്കും. മാർച്ച് 8 മുതൽ 12 ഞായർ വരെ 24 മണിക്കൂറും തുടർച്ചയായി ഉപവാസ പ്രാർത്ഥന കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. കൺവൻഷനിൽ പങ്കെടുക്കുന്നവരുടെ കുട്ടികൾക്ക് വേണ്ടി ചിൽഡ്രൻസ് ഷെഡ്ഡിൽ വിവിധ ആത്മീയ പരിപാടികൾ നടക്കും. കേരളമടക്കം ഇന്ത്യയുടെ വിവിധയിടങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളുമടങ്ങുന്ന ആളുകൾ കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്.
ലോകത്തിൽ 65 ൽ പരം രാജ്യങ്ങളിൽ പ്രവർത്തനമുള്ള പെന്തെക്കോസ്ത് മിഷൻ സഭയ്ക്ക് ഇന്ത്യയിൽ 28 സംസ്ഥാനങ്ങളിലായി 43 സെന്ററുകളും 2000-ൽ പരം ഫെയ്ത്ത് ഹോമുകളും ,വിദേശ രാജ്യങ്ങളിൽ 46 സെന്ററുകളും, മുന്നൂറിൽപ്പരം സഭകളും 15000 - ൽപ്പരം ശുശ്രൂഷകരുമുണ്ട്. ഇന്ത്യയിലെ ആസ്ഥാന മന്ദിരം ചെന്നൈയിലും അമേരിക്കയിൽ ന്യൂജേഴ്സിയിലും ,ശ്രീലങ്കയിൽ മട്ടക്കുളിയിലുമാണ് . 99 വർഷം പിന്നിടുന്ന പെന്തെക്കോസ്ത് മിഷൻ സഭ വിവിധ രാജ്യങ്ങളിൽ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്.