കോവിഡ് കേസുകൾ വർധിക്കുന്നു; കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിൻ്റെ കത്ത്

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കർണാടക എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ. അണുബാധ തടയാൻ മതിയായ നടപടികൾ കൈക്കൊള്ളണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ച കത്തിൽ നിര്‍ദേശിക്കുന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് സംസ്ഥാനങ്ങൾക്ക് കത്തയച്ചത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കേസുകളുടെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 8-ന് അവസാനിച്ച ആഴ്ചയിൽ 2,082 കേസുകൾ റിപ്പോർട്ട് ചെയ്തു. മാർച്ച് 15-ന് അവസാനിച്ച ആഴ്ചയിൽ 3,264 കേസുകളായി ഉയർന്നതായും കേന്ദ്രം. വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 700 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുകയാണെന്നും പരിശോധന, ചികിത്സ, നിരീക്ഷണം, വാക്സിനേഷൻ എന്നിവ കർശനമാക്കണെമെന്നും കത്തിൽ കേന്ദ്രം ആവശ്യപ്പെട്ടു. ഇതുവരെ നേടിയ നേട്ടങ്ങൾ നഷ്ടപ്പെടുത്താതെ മഹാമാരിക്കെതിരായ പോരാട്ടങ്ങള്‍ തുടരേണ്ടതുണ്ടെന്ന് കേന്ദ്രം പറഞ്ഞു.