ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രയേൽ; ‘പദ്ധതി ഹമാസ് നിരസിച്ചാൽ ഇസ്രയേൽ ജോലി പൂർത്തിയാക്കും’

Sep 30, 2025 - 08:44
Sep 30, 2025 - 09:44
 0
ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രയേൽ; ‘പദ്ധതി ഹമാസ് നിരസിച്ചാൽ ഇസ്രയേൽ ജോലി പൂർത്തിയാക്കും’

ഗാസ വെടിനിർത്തലിന് യുഎസ് തയാറാക്കിയ പദ്ധതി അംഗീകരിച്ച് ഇസ്രയേൽ. വൈറ്റ്‌ഹൗസിൽ സംയുക്‌‌ത വാർത്ത സമ്മേളനത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവാണ് പ്രഖ്യാപനം നടത്തിയത്. ‘യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയെ പിന്തുണയ്ക്കുന്നു. ഗാസയ്‌ക്ക് യാഥാർത്ഥ്യബോധമുള്ള പാത ഒരുക്കുന്നതാണ് ട്രംപിന്റെ പദ്ധതി. യുദ്ധത്തിൽ ഞങ്ങളുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതാണ് ‌ആ പദ്ധതി. ഗാസയിൽ സമാധാനപരമായ സിവിലിയൻ ഭരണം ഉണ്ടാകും. ഹമാസിനെ നിരായുധീകരിക്കും. ഗാസയെ സൈനികമുക്തമാക്കും. ഹമാസിനെ നിരായുധീകരിക്കുന്നതിന്റെ വ്യാപ്തിക്കനുസരിച്ച് ഇസ്രയേൽ സൈന്യം ഗാസയിൽ നിന്നു പിന്മാറും. ഗാസ ഒരു പരിവർത്തനത്തിന് വിധേയമാകാതെ പലസ്തീൻ അതോറിറ്റിക്ക് അവിടെ ഒരു പങ്കും നിർവഹിക്കാൻ കഴിയില്ല. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിലും മധ്യപൂർവദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനു പ്രതിജ്‌ഞാബദ്ധമാണ്. ഒക്‌ടോബർ 7 മറക്കില്ല. ഇസ്രയേലിനെ ആക്രമിച്ചാൽ സമാധാനമുണ്ടാകില്ലെന്ന് ആ ദിനത്തിനു ശേഷം ശത്രുക്കൾക്കു മനസിലായിട്ടുണ്ട്. ട്രംപിന്റെ വെടിനിർ‌ത്തൽ പദ്ധതി ഹമാസ് നിരസിച്ചാൽ ഇസ്രയേൽ അതിന്റെ ജോലി പൂർത്തിയാക്കും.’ – നെതന്യാഹു പറഞ്ഞു.

ഗാസയിൽ വെടിനിർത്തൽ കരാറിന് വളരെ അടുത്തെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ‘വെടിനിർത്തൽ പദ്ധതി അംഗീകരിച്ച നെതന്യാഹുവിനോട് നന്ദി പറയുന്നു. നിർദേശങ്ങൾ ഇസ്രയേൽ ഔദ്യോഗികമായി അംഗീകരിച്ച് 72 മണിക്കൂറിനകം മുഴുവൻ ബന്ദികളെയും ഹമാസ് മോചിപ്പിക്കണം. ഗാസയുടെ പുനർനിർമാണത്തിന് തന്റെ അധ്യക്ഷതയിൽ ഇടക്കാല രാജ്യാന്തര സമിതി രൂപീകരിക്കും. മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബ്ലയർ അതിൽ അംഗമാകും. മറ്റ് അംഗങ്ങളുടെ പേരുകൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും. ഹമാസിനും മറ്റു ഭീകരസംഘടനകൾക്കും സമിതിയിലോ ഗാസയുടെ ഭാവി ഭരണത്തിലോ നേരിട്ടോ അല്ലാതെയോ, ഒരു നിലയിലും യാതൊരു പങ്കും ഉണ്ടാകില്ല. ഗാസയിലെ സഹായവിതരണം യുഎൻ, റെഡ് ക്രസന്റ് ഉൾപ്പെടെ ഏജൻസികൾ വഴി നടത്തും. ഗാസയിൽനിന്ന് ആരെയും പുറത്താക്കില്ല. പദ്ധതിപ്രകാരം അറബ് രാജ്യങ്ങൾ ഗാസയെ സൈനികമുക്തമാക്കാനും ഹമാസിന്റെയും മറ്റ് എല്ലാ ഭീകര സംഘടനകളുടെയും സൈനികശേഷി ഇല്ലാതാക്കാനും പ്രതിജ്ഞാബദ്ധമാകും. ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് ഘട്ടംഘട്ടമായി പിന്മാറും. നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചാൽ ഇസ്രയേൽ ആക്രമണം നിർത്തിവയ്ക്കും. ഹമാസിൽ നിന്ന് ഏറ്റവും ശുഭകരമായ മറുപടി ലഭിക്കുമെന്നാണ് വിശ്വാസം. വെടിനിർത്തൽ പദ്ധതി ഹമാസ് നിരസിച്ചാൽ ഹമാസിന്റെ ഭീഷണി ഇല്ലാതാക്കുകയെന്ന ജോലി പൂർത്തിയാക്കാൻ ഇസ്രയേലിന് അവകാശമുണ്ട്. അതിന് യുഎസ് പൂർണ പിന്തുണ നൽകും. പലസ്തീൻ രാഷ്ട്രത്തോടുള്ള എതിർപ്പിൽ നെതന്യാഹുവിന് വ്യക്തതയുണ്ട്.’ – ട്രംപ് പറഞ്ഞു. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യങ്ങളുടെ നിലപാടിനെ അവിവേകമെന്ന് ട്രംപ് വിമർശിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ ഇരുവരും തയാറായില്ല. അതേസമയം, ട്രംപിന്റെ ഗാസ വെടിനിർത്തൽ പദ്ധതി രേഖാമൂലം ലഭിച്ചിട്ടില്ലെന്ന് ഹമാസ് പ്രതികരിച്ചു.

നേരത്തെ, ഡോണൾഡ് ട്രംപുമായുള്ള ചർച്ചയ്ക്കിടെ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽത്താനിയെ ഫോണിൽ വിളിച്ച് നെതന്യാഹു ക്ഷമാപണം നടത്തിയിരുന്നു. ഖത്തറിനെ ആക്രമിച്ചതിലാണ് നെതന്യാഹു ക്ഷമാപണം നടത്തിയത്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഈ മാസം 9നാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. യുഎസിന്റെ അടുത്ത സഖ്യകക്ഷിയായ ഖത്തറിനു നേർക്കുണ്ടായ ആക്രമണത്തിൽ ട്രംപ് വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു.

ജനുവരിയിൽ ട്രംപ് അധികാരത്തിലെത്തിയ ശേഷം ബെന്യാമിൻ നെതന്യാഹുവിന്റെ നാലാം യുഎസ് സന്ദർശനമാണിത്. ഗാസ വെടിനിർത്തലിന് യുഎസ് തയാറാക്കിയ പദ്ധതിയിലുള്ള ചർച്ചയ്ക്കാണ് നെതന്യാഹു വൈറ്റ്ഹൗസിലെത്തിയത്. ഗാസ, യുക്രെയ്ൻ യുദ്ധങ്ങൾ ഉടൻ അവസാനിപ്പിക്കുമെന്ന് ട്രംപ് മുൻപ് നടത്തിയ അവകാശവാദങ്ങൾ എങ്ങുമെത്താത്ത സാഹചര്യത്തിലായിരുന്നു ചർച്ച. വെടിനിർത്തൽ കരാറിന് അടുത്തെത്തിയെന്ന് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ഹമാസ് നേതാക്കളെ വധിക്കാൻ ഖത്തറിൽ ഇസ്രയേൽ ആക്രമണം നടത്തുകയും, ഗാസ പിടിച്ചെടുക്കാൻ ആക്രമണം ശക്‌തമാക്കുകയും ചെയ്‌തതിനു പിന്നാലെ ലോകരാജ്യങ്ങൾക്കിടയിൽ ഇസ്രയേൽ ഒറ്റപ്പെടുന്ന സ്‌ഥിതി രൂപപ്പെട്ടിരുന്നു. 26ന് യുഎൻ പൊതുസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രസംഗിക്കാൻ എഴുന്നേറ്റതിനു പിന്നാലെ ഭൂരിപക്ഷം രാജ്യങ്ങളുടെയും പ്രതിനിധികൾ കൂക്കിവിളിക്കുകയും സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്‌തിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0