തെലുങ്കാനയില്‍ ആരാധനാലയം കത്തിച്ചു; ഡാമന്‍ ഡിയു ചര്‍ച്ചിലും ആക്രമണം

തെലുങ്കാനയില്‍ ആരാധനാലയം അഗ്നിക്കിരയാക്കുകയും കേന്ദ്ര ഭരണ പ്രദേശമായ ഡാമന്‍ഡിയുവില്‍ പാസ്റ്ററെയും വിശ്വാസികളെയും മര്‍ദ്ദിക്കുകയും ചെയ്തു.

Sep 17, 2019 - 09:17
 0
തെലുങ്കാനയില്‍ ആരാധനാലയം കത്തിച്ചു; ഡാമന്‍ ഡിയു ചര്‍ച്ചിലും ആക്രമണം

തെലുങ്കാനയില്‍ ആരാധനാലയം അഗ്നിക്കിരയാക്കുകയും കേന്ദ്ര ഭരണ പ്രദേശമായ ഡാമന്‍ഡിയുവില്‍ പാസ്റ്ററെയും വിശ്വാസികളെയും മര്‍ദ്ദിക്കുകയും ചെയ്തു.

തെലുങ്കാനയിലെ നല്‍ഗോണ്ട ജില്ലയില്‍ മിര്യാലഗുഡ ഗ്രാമത്തില്‍ പാസ്റ്റര്‍ സാമുവേല്‍ നക്കള്ള ശുശ്രൂഷിക്കുന്ന ദൈവസഭയുടെ ആരാധനാലയമാണ് ഞായറാഴ്ച പുലര്‍ച്ചെ അക്രമികള്‍ തീവെച്ചു നശിപ്പിച്ചത്. പാസ്റ്റര്‍ വാങ്ങിയ ഭൂമിയിലാണ് ആരാധനാലയം നിലനില്‍ക്കുന്നത്.

തടികളും ഓലകളും കൊണ്ട് നിര്‍മ്മിച്ച ആരാധനാലയത്തിനുള്ളില്‍ ഇലക്ട്രിക്ക് ഉപകരണങ്ങളും സംഗീത ഉപകരണങ്ങളും പായകളും ഫര്‍ണീച്ചറുകളും കത്തിയമര്‍ന്നു.

പുലര്‍ച്ചെ 12-നും രണ്ടിനും ഇടയിലായിരുന്നു സംഭവം. തീ കത്തുന്ന വിവരം അറിഞ്ഞ് പാസ്റ്ററും വിശ്വാസികളും ഓടിയെത്തിയപ്പോഴേക്കും എല്ലാം കത്തിയമരുന്നത് കണ്ടു നില്‍ക്കാനെ കഴിഞ്ഞുള്ളു. ഉടന്‍തന്നെ മിര്യലഗുഡ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചപ്പോള്‍ എസ്.ഐ.യും സംഘവും സ്ഥലം സന്ദര്‍ശിച്ചു ഫോട്ടോ എടുത്തു മടങ്ങി. പ്രതികളെ കണ്ടെത്തിയില്ല.

എന്നാല്‍ 6 മാസം മുമ്പ് മതഭ്രാന്തനായ ഒരു യുവാവ് ചര്‍ച്ചിനുള്ളിലേക്ക് അതിക്രമിച്ചു കയറി പാസ്റ്ററെ കയ്യേറ്റം ചെയ്യുകയും ബൈബിളുകളും മറ്റും എടുത്തെറിയുകയും പാസ്റ്ററുടെ ഓട്ടോറിക്ഷയുടെ ചാവി കൈക്കലാക്കി കടന്നു കളയുകയുമായിരുന്നു. എന്നാല്‍ പിന്നീട് സമീപവാസികള്‍ ഇടപെട്ട് ചാവി മടക്കി നല്‍കി.

ഡാമന്‍ ഡിയുവില്‍ ആഗസ്റ്റ് 18-ന് ഞായറാഴ്ച രാവിലെ തുറമുഖ ഹൈവേയില്‍ ഡുനീറ്റയില്‍ ലെയ്മാന്‍സ് ഇവാഞ്ചലിക്കല്‍ ഫെളോഷിപ്പ് ചര്‍ച്ചിന്റെ സഭാ ആരാധന നടക്കുന്ന സമയത്ത് 10 മണിയോടുകൂടിയാണ് ആക്രമണമുണ്ടായത്.

30 പേരടങ്ങുന്ന വര്‍ഗ്ഗീയ വാദികള്‍ കുറുവടികളുമായെത്തി ഉച്ചത്തില്‍ ശ്ലോകം ചൊല്ലി ആരാധനാ യോഗം അലങ്കോലമാക്കുകയും സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ എന്‍ ‍. എം. റാവുവിനെയും വിശ്വാസികളെയും മര്‍ദ്ദിക്കുകയുമുണ്ടായി.

ചര്‍ച്ചിനുള്ളിലെ സംഗീത ഉപകരമങ്ങളും മൈക്കുസെറ്റും ഫര്‍ണീച്ചറുകളും തല്ലിത്തകര്‍ത്തു. പാസ്റ്റര്‍ നാനി ഡാമന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് സംഘം സ്ഥലം സന്ദര്‍ശിച്ചു. ഗുജറാത്ത് തീരത്തുനിന്നും 635 കിലോമീറ്റര്‍ അകലെയാണ് ഡാമന്‍ഡിയു. 2019-ല്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യത്തെ കേസാണിത്.