വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ വ്യാജ മതനിന്ദ കേസ്: അറസ്റ്റിലായ പാക്ക് ക്രൈസ്തവനു 3 വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം

വ്യാജ മത നിന്ദയുടെ പേരില്‍ ജയിലില്‍ കഴിഞ്ഞിരുന്ന സ്റ്റീഫന്‍ മസിയ്ക്കാണ് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ലാഹോര്‍ കോടതി ജാമ്യം അനുവദിച്ചത്.

Jun 11, 2022 - 02:35
 0

വ്യക്തിവൈരാഗ്യത്തിന്റെ പേരിലുള്ള കെട്ടിച്ചമച്ച കേസിന്റെ പേരില്‍ കഴിഞ്ഞ 3 വര്‍ഷങ്ങളായി ജയിലില്‍ കഴിഞ്ഞിരുന്ന പാക്കിസ്ഥാനി ക്രൈസ്തവ വിശ്വാസിക്ക് മൂന്ന്‍ വര്‍ഷങ്ങള്‍ക്കൊടുവില്‍ ജാമ്യം. വ്യാജ മത നിന്ദയുടെ പേരില്‍ ജയിലില്‍ കഴിഞ്ഞിരുന്ന സ്റ്റീഫന്‍ മസിയ്ക്കാണ് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ലാഹോര്‍ കോടതി ജാമ്യം അനുവദിച്ചത്. പ്രാവിനെ പിടിക്കുവാന്‍ വീടിന്റെ ടെറസില്‍ കയറിയ അയല്‍ക്കാരനുമായുണ്ടായ വാക്കുതര്‍ക്കത്തിന്റെ പേരില്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുവാന്‍ അയല്‍ക്കാരന്‍ സ്റ്റീഫനുമേല്‍ മതനിന്ദ ആരോപിക്കുകയായിരുന്നു.

2019 മാര്‍ച്ചിലാണ് പോലീസ് സ്റ്റീഫനെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുന്നത്. മതനിന്ദ ആരോപിക്കപ്പെട്ട ഉടന്‍തന്നെ ഒരു സംഘം മുസ്ലീങ്ങള്‍ സ്റ്റീഫന്റെ വീടിന് തീവെച്ചതിനാല്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതായി വന്നിരുന്നു. ജനിച്ചപ്പോള്‍ മുതല്‍ മാനസിക പ്രശ്നം നേരിട്ടിരുന്ന സ്റ്റീഫനെ നല്ല രീതിയില്‍ നോക്കുവാന്‍ ജാമ്യം ലഭിച്ചത് മൂലം കഴിയും എന്നാണു സഹോദരനായ ഫ്രാന്‍സിസ് പറയുന്നത്. വ്യക്തിവൈരാഗ്യം തീര്‍ക്കുവാന്‍ മതനിന്ദാ നിയമം ദുരുപയോഗം ചെയ്യുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ കേസെന്നു പ്രമുഖ മനുഷ്യാവകാശ സംഘടനയായ ‘വോയിസ് ഓഫ് ജസ്റ്റിസ്’ന്റെ പ്രസിഡന്റായ ജോസഫ് ജാന്‍സന്‍ പറഞ്ഞു. മാനസിക പ്രശ്നം (ബൈപോളാര്‍) ഉള്ള ആളാണ്‌ സ്റ്റീഫനെന്നും അതിനാല്‍ അദ്ദേഹത്തിന് വിചാരണയെ നേരിടുവാന്‍ കഴിയില്ലെന്നും പഞ്ചാബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ അഷിക്നാസ് ഖോഖാര്‍ ചൂണ്ടിക്കാട്ടി

പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജാമ്യം ലഭിക്കുക. വ്യാജമതനിന്ദയുടെ പേരിലുള്ള വധഭീഷണികള്‍ കാരണം കോടതിയില്‍ സാക്ഷിപറയുവാനുള്ള ധൈര്യം സ്റ്റീഫന്റെ അയല്‍ക്കാര്‍ കാണിക്കാതിരുന്നതാണ് ഏറ്റവും ഖേദകരമായ കാര്യമെന്നു സ്റ്റീഫന്റെ വക്കീലായ ഫാറൂഖ് ബഷീര്‍ പറഞ്ഞു. വ്യക്തിവൈരാഗ്യം തീര്‍ക്കുവാന്‍ വ്യാജ മതനിന്ദ ആരോപിക്കുകയും കോടതിയില്‍ വ്യാജ തെളിവുകളും സാക്ഷികളും ഹാജരാക്കി മതനിന്ദാ നിയമത്തെ ദുരുപയോഗം ചെയ്യുന്നുവെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റീഫന് ജാമ്യം ലഭിച്ചതുതന്നെ വലിയൊരു നേട്ടമാണെന്നു പ്രതിഭാഗം അറ്റോര്‍ണി അബ്ദുള്‍ ഹമീദ് റാണ പറഞ്ഞു. അതേസമയം കേസിലെ പഴുതുകള്‍ ഉപയോഗിച്ച് സ്റ്റീഫനെ കുടുക്കാന്‍ സാധ്യതയുള്ളതിനാല്‍ നിയമപോരാട്ടം തുടരുവാനാണ് ഇവരുടെ തീരുമാനം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0