ഹീബ്രു, ഗ്രീക്ക് ബൈബിളുകള്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചു

ബൈബിള്‍ പ്രസാധനരംഗത്ത് പുതിയ കാല്‍വയ്പ്പായി ഹീബ്രുവിലും ഗ്രീക്കിലുമുള്ള പഠനപതിപ്പുകള്‍ ഇന്ത്യയില്‍ ഇദംപ്രഥമമായി ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചു. പഴയനിയമത്തിന്റ മൂലഭാഷയായ ഹീബ്രുവിലും,

Aug 6, 2021 - 10:35
 0

ബൈബിള്‍ പ്രസാധനരംഗത്ത് പുതിയ കാല്‍വയ്പ്പായി ഹീബ്രുവിലും ഗ്രീക്കിലുമുള്ള പഠനപതിപ്പുകള്‍ ഇന്ത്യയില്‍ ഇദംപ്രഥമമായി ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചു. പഴയനിയമത്തിന്റ മൂലഭാഷയായ ഹീബ്രുവിലും, പുതിയനിയമത്തിന്റെ മൂലഭാഷയായ ഗ്രീക്കിലും തയ്യാറാക്കിയിരിക്കുന്ന ഈ പതിപ്പുകള്‍ വൈദിക വിദ്യാര്‍ഥികള്‍ക്കു മാത്രമല്ല, ഭാഷാ പഠിതാക്കള്‍ക്കും ഏറെ ഉപകാരപ്രദമാണ്. ബൈബിള്‍ പഠനത്തിനും ഗവേഷണത്തിനും അത്യന്താപേക്ഷിതമായ മൂലഭാഷകളിലെ ആധികാരിക പതിപ്പുകള്‍ ഇതേവരെ പ്രസിദ്ധീകരിച്ചിരുന്ന ജര്‍മന്‍ ബൈബിള്‍ സൊസൈറ്റിയുമായി ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി റവ. ഡോ. മാണി ചാക്കോ നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുവാനുള്ള ധാരണയില്‍ എത്തിച്ചേര്‍ന്നതും അന്താരാഷ്ട്ര നിലവാരത്തില്‍ പ്രസിദ്ധീകരണം പൂര്‍ത്തീകരിച്ചതും.

ബൈബിളിന്റെ പുരാതന കൈയെഴുത്തു പ്രതികളെ അധികരിച്ച് വിവിധ സര്‍വകലാശാലകളില്‍ നടക്കുന്ന ഗവേഷണങ്ങളുടെ കണ്ടെത്തലുകള്‍ സമാഹരിച്ച് വേദശാസ്ത്രത്തില്‍ ഉന്നതപഠനത്തിനു സഹായകരമായ രീതിയിലാണ് പുതിയ പതിപ്പുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

പുതിയ പതിപ്പുകളുടെ കേരളത്തിലെ പ്രകാശനം ഇക്കഴിഞ്ഞ ദിവസം കോട്ടയം വടവാതൂര്‍ സെയിന്റ് തോമസ് അപ്പൊസ്‌റ്റോലിക് സെമിനാരിയില്‍ നടന്ന ചടങ്ങില്‍ ബൈബിള്‍ സൊസൈറ്റി കേരള ഓക്‌സിലിയറി അദ്ധ്യക്ഷന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത സെമിനാരി പ്രസിഡന്റ് ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേലിന് നല്‍കി നിര്‍വ്വഹിച്ചു.

ബൈബിള്‍ സൊസൈറ്റി കേരള ഓക്‌സിലിയറി സെക്രട്ടറി റവ. മാത്യു സ്‌കറിയ, സെമിനാരി റെക്ടര്‍ ഫാ. ഡോ. സ്‌കറിയ കന്യാകോണില്‍, രജിസ്ട്രാര്‍ ഫാ. ഡോ. സിറിയക് വലിയകുന്നുമ്പുറത്ത്, ഫാ. ഡോ. തോമസ് വടക്കേല്‍, അഡ്വ. പി. വി. ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.

ബൈബിള്‍ സൊസൈറ്റിയുടെ ചുമതലയില്‍ ഇരുന്നൂറില്‍ അധികം ഇന്ത്യന്‍ ഭാഷകളില്‍ പൂര്‍ണമായോ ഭാഗീകമായോ ബൈബിള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0