ഹിമാചല്‍ പ്രദേശ് സംസ്ഥാനത്ത് കഞ്ചാവ് കൃഷി നിയമവിധേയമാക്കാന്‍ നിയമസഭയുടെ അംഗീകാരം

Sep 10, 2024 - 09:11
Sep 10, 2024 - 09:56
 0
ഹിമാചല്‍ പ്രദേശ് സംസ്ഥാനത്ത് കഞ്ചാവ് കൃഷി നിയമവിധേയമാക്കാന്‍ നിയമസഭയുടെ അംഗീകാരം

കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നതിനുള്ള പ്രമേയത്തിന് അംഗീകാരം നല്‍കി ഹിമാചല്‍ പ്രദേശ് നിയമസഭ. നിയമസഭാ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

മരുന്ന് നിര്‍മാണത്തിനും വ്യവസായിക ആവശ്യങ്ങള്‍ക്കും വേണ്ടി കഞ്ചാവ് കൃഷി ചെയ്യാമെന്നും കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംസ്ഥാനത്തിന് നല്ലൊരു സാമ്പത്തിക സ്രോതസ്സായി മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read: മതപരിവർത്തനം ആരോപിച്ച് നേപ്പാളിലെ ധനുഷ ജില്ലയിലെ ഒരു പള്ളി നേപ്പാൾ പോലീസ് സീൽ ചെയ്തു

നിയമസഭാ കമ്മിറ്റി അധ്യക്ഷനും റവന്യൂ മന്ത്രിയുമായ ജഗത് സിംഗ് നെഗി റിപ്പോര്‍ട്ടിനെക്കുറിച്ചും കഞ്ചാവ് കൃഷിയുടെ സാധ്യതകളെക്കുറിച്ചും വിശദമാക്കുകയും ചെയ്തു. ജഗത് സിംഗ് നെഗിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് കഞ്ചാവ് കൃഷിയുടെ സാധ്യതകളെപ്പറ്റി പഠനം നടത്തിയത്.

ചട്ടം 130 പ്രകാരമാണ് ഈ ആശയം ആദ്യം നിയമസഭയില്‍ ഉന്നയിച്ചതെന്നും അതിന് ഭരണ-പ്രതിപക്ഷ കക്ഷികളുടെ പിന്തുണ ലഭിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

’’ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കമ്മിറ്റി അംഗങ്ങള്‍ സന്ദര്‍ശനം നടത്തി. പ്രാദേശിക ജനങ്ങളുമായി സംസാരിച്ച് കഞ്ചാവ് കൃഷി എങ്ങനെ മരുന്ന് നിര്‍മ്മാണത്തിനും വ്യവസായിക ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കാമെന്ന് പരിശോധിച്ചു. ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ജമ്മു കശ്മീര്‍ തുടങ്ങിയവിടങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച മാതൃകകളും കമ്മിറ്റി പരിശോധിച്ചു. കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നതിന് ജനങ്ങള്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്,’’ അദ്ദേഹം പറഞ്ഞു.

കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നതിന്റെ സാധ്യതകളെപ്പറ്റി 2023ല്‍ നടന്ന ബജറ്റ് സമ്മേളനത്തിലും ചര്‍ച്ച നടന്നിരുന്നു. ഇതിന്റെ ഭാഗമായാണ് റവന്യൂ മന്ത്രി ജഗത് സിംഗ് നെഗിയുടെ നേതൃത്വത്തില്‍ ഭരണ-പ്രതിപക്ഷ കക്ഷികളില്‍ നിന്നുള്ള എംഎല്‍എമാര്‍ അണിചേര്‍ന്നത്. സംസ്ഥാനത്തെ വിവിധ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിച്ച കമ്മിറ്റി ഈ റിപ്പോര്‍ട്ട് സംസ്ഥാന നിയമസഭയ്ക്ക് മുന്നില്‍ സമര്‍പ്പിക്കുകയായിരുന്നു

കഞ്ചാവ് കൃഷിയ്ക്ക് വളരെ കുറച്ച് വെള്ളം മാത്രം മതിയെന്നും വന്യ മൃഗങ്ങളുടെ ശല്യം കുറവാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മറ്റ് രോഗങ്ങള്‍ കഞ്ചാവ് ചെടിയെ ബാധിക്കുന്നതും വളരെ കുറവാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഞ്ചാവ് കൃഷി ചെയ്യാന്‍ വലിയ തോതില്‍ ഭൂമി ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. വ്യവസായിക അടിസ്ഥാനത്തില്‍ കഞ്ചാവ് കൃഷി ചെയ്യാന്‍ ചിലര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ശനമായ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ കൃഷിയ്ക്ക് അനുമതി നല്‍കാവുന്നതാണെന്നും കഞ്ചാവിന്റെ ദുരുപയോഗ സാധ്യതകള്‍ പൂര്‍ണമായി ഇല്ലാതാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.