Amit Shah On Manipur Issue: സത്യം പുറത്തുവരേണ്ടത് പ്രധാനം, സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍, സഹകരിക്കാന്‍ പ്രതിപക്ഷത്തോട് ആഭ്യന്തര മന്ത്രി

മണിപ്പൂർ വിഷയത്തിൽ രാജ്യത്തിന് മുമ്പാകെ 'സത്യം പുറത്തുവരേണ്ടത് പ്രധാനമാണ്' എന്നഭിപ്രായപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ ചർച്ച അനുവദിക്കാൻ പ്രതിപക്ഷ നേതാക്കളോട് അഭ്യർത്ഥിച്ചു.

Jul 25, 2023 - 20:15
 0

മണിപ്പൂരിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ലോക്‌സഭയിൽ ചർച്ച നടത്താൻ  സര്‍ക്കാര്‍ തയ്യാറാണെന്നും പ്രതിപക്ഷം അതിന് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.  മണിപ്പൂർ വിഷയത്തിൽ രാജ്യത്തിന് മുമ്പാകെ 'സത്യം പുറത്തുവരേണ്ടത് പ്രധാനമാണ്' എന്നഭിപ്രായപ്പെട്ട  അദ്ദേഹം സഭയില്‍ ചർച്ച അനുവദിക്കാൻ പ്രതിപക്ഷ നേതാക്കളോട് അഭ്യർത്ഥിച്ചു.

 

മണിപ്പൂർ വിഷയത്തിൽ നേരത്തെ മൂന്ന് തവണ നിർത്തിവച്ചതിന് ശേഷം ഉച്ചയ്ക്ക് 2.30 ന് സഭ വീണ്ടും സമ്മേളിച്ച അവസരത്തില്‍ മണിപ്പൂർ വിഷയത്തിൽ ചർച്ച നടത്താൻ പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷവും ആഗ്രഹിക്കുന്നതായി അമിത് ഷാ പറഞ്ഞു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം തുടർന്നതോടെ സ്പീക്കർ ഓം ബിർള സഭാ നടപടികൾ ഇന്നത്തേക്ക് നിര്‍ത്തി വച്ചു. 

മണിപ്പൂരിലെ അക്രമത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയാണ് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്. എന്നാല്‍, ഭരണപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്നും എന്നാല്‍, ഈ വിഷയത്തില്‍ സര്‍ക്കാരിനുവേണ്ടി ആര് മറുപടി നല്‍കും എന്നത് തീരുമാനിക്കാനുള്ള അവകാശം പ്രതിക്ഷത്തിനില്ല എന്ന നിലപാടിലാണ് കേന്ദം. 

പ്രതിപക്ഷ പാര്‍ട്ടികള്‍ മുദ്രാവാക്യങ്ങൾ വിളിയ്ക്കുകയും പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുകയും ചെയ്തതോടെ  പാർലമെന്‍റിന്‍റെ  ഇരുസഭകളും തിങ്കളാഴ്ച വീണ്ടും നിർത്തിവച്ചു. മണിപ്പൂർ കലാപത്തിൽ സഭയില്‍  ബഹളം തുടരുന്നതിനിടെ, പ്രധാനമന്ത്രി സഭയ്ക്ക് പുറത്ത് സംസാരിക്കുന്നതും അകത്ത് സംസാരിക്കാത്തതും എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ പാർട്ടികൾ ചോദിച്ചു. 

"പ്രധാനമന്ത്രി സഭയിൽ വന്ന് പ്രസ്താവന നടത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം. ആ പ്രസ്താവന ചർച്ച ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. നിങ്ങൾ പുറത്ത് സംസാരിക്കുന്നു, പക്ഷേ അകത്തല്ല, ഇത് പാർലമെന്‍റിനെ അപമാനിക്കലാണ്. ഇത് ഏറെ ഗൗരവമുള്ള കാര്യമാണ്," രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

മണിപ്പൂരിലെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ സർക്കാരിന്‍റെ പരാജയത്തെ ചോദ്യം ചെയ്ത ശിവസേന എംപി പ്രിയങ്ക ചതുർവേദി, വിഷയത്തിൽ പ്രധാനമന്ത്രി മോദി സംസാരിക്കണമെന്നും പറഞ്ഞു. 80 ദിവസത്തിലേറെയായി, മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് ഇപ്പോഴും ശമനമില്ല എന്നും പറഞ്ഞു. 

"പ്രധാനമന്ത്രിക്ക് ഉത്തരമൊന്നുമില്ലേ? പാർലമെന്‍റിന് പുറത്ത് അദ്ദേഹം 36 സെക്കൻഡ് പ്രസ്താവന നൽകി, എന്നാൽ മുഖ്യമന്ത്രിയെ ഇതുവരെ പുറത്താക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം പാർലമെന്‍റിലൂടെ രാജ്യത്തോട് പറയുന്നില്ല. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ ആഭ്യന്തരമന്ത്രി പരാജയപ്പെട്ടത് എന്തുകൊണ്ട്? എന്തുകൊണ്ടാണ് വനിതാ ശിശു വികസന മന്ത്രി ഇതുവരെ മണിപ്പൂർ സന്ദർശിക്കാത്തത്," അവർ ചോദിച്ചു.

മണിപ്പൂരിലെ സംഭവങ്ങൾ രാജ്യത്തെ നാണംകെടുത്തിയെന്ന് ജെഡിയു നേതാവ് ലാലൻ സിംഗ് പറഞ്ഞു. മണിപ്പൂരിൽ ഇരട്ട എഞ്ചിൻ സർക്കാരാണ് ഉള്ളത്, അവർ അതിനോട് തീർത്തും നിസ്സംഗരാണ്. പ്രധാനമന്ത്രി സഭയിൽ വന്ന് പ്രസ്താവന നടത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം,” അദ്ദേഹം കൂട്ടിച്ചേർത്തു.

മണിപ്പൂര്‍ വിഷയം പാർലമെന്‍റില്‍ ആളിക്കത്തുകയാണ്. വിഷയത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നല്‍കണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്പ്രതിപക്ഷം. പ്രതിഷേധങ്ങള്‍ മൂലം സഭയുടെ വര്‍ഷകാല സമ്മേളനം മുടങ്ങുകയാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0