ഇറാന്റെ മിസൈലുകള്‍ വെടിവെച്ചിടണം; ഇസ്രയേല്‍ സൈന്യത്തിന് പൂര്‍ണ പിന്തുണ നല്‍കണം; സൈന്യത്തിന് നിര്‍ദേശം നല്‍കി ബൈഡന്‍; യുദ്ധത്തിനിറങ്ങി അമേരിക്ക

Oct 2, 2024 - 11:52
 0

ഇസ്രയേലിനെതിരായ ആക്രമണങ്ങള്‍ ചെറുക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി അമേരിക്ക. ഇസ്രയേലിനെതിരെ വരുന്ന മിസൈലുകളെ വെടിവെച്ചിടാന്‍ പ്രസിഡന്റ് ബൈഡന്‍ സൈന്യത്തോട് നിര്‍ദേശിച്ചു. ബൈഡനും യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും വൈറ്റ് ഹൗസിലെ പ്രത്യേക മുറിയില്‍ നിന്ന് ആക്രമണം നിരീക്ഷിക്കുന്നുണ്ടെന്നും കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും എന്‍എസ്സി വക്താവ് സീന്‍ സാവെറ്റ് എക്സിലൂടെ അറിയിച്ചു.

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് നടത്തുന്ന മിസൈലുകളും മറ്റ് വ്യോമാക്രമണങ്ങളും നിര്‍വീര്യമാക്കുന്നതിന് ഇസ്രായേല്‍ സൈന്യത്തെ സഹായിക്കണം. ഐഡിഎഫിനൊപ്പം ചേര്‍ന്ന് ആക്രമണങ്ങളെ പ്രതിരോധിക്കാനും അമേരിക്കന്‍ സൈന്യത്തോട് ജോ ബൈഡന്‍ നിര്‍ദേശിച്ചു.

ഇസ്രായേലിലെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസില്‍ അടിയന്തര സുരക്ഷാ യോഗത്തിന് ശേഷമാണ് അദേഹം സൈന്യത്തിന് പ്രത്യേക നിര്‍ദേശം നല്‍കിയത്. . പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ചേര്‍ന്നാണ് ദേശീയ സുരക്ഷാ കൗണ്‍സിലുമായി അടിയന്തിര യോഗം വിളിച്ച് ചേര്‍ത്തത്. ഇസ്രയേലിനെ സഹായിക്കാന്‍ അമേരിക്കന്‍ നടപടികള്‍ ചര്‍ച്ച ചെയ്തു. ഇസ്രായേലിലെ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ എംബസി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ഷെല്‍റ്ററുകളിലേക്ക് മാറാന്‍ തയറായിരിക്കണമെന്നും ഇന്ത്യ ഇസ്രയേല്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നുമാണ് അറിയിച്ചിരിക്കുന്നത്. 


ഇറാന്‍ ആക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയിരിക്കുന്നത്. ഇസ്രയേലിനെതിരെ വ്യോമാക്രമണം നടന്നുവെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (IDF) വ്യക്തമാക്കി. ഇസ്രയേലിലേക്ക് ഇറാന്‍ 100 കണക്കിന് മിസൈലുകള്‍ വര്‍ഷിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആക്രമണത്തെ തുടര്‍ന്ന് ജനങ്ങളെയെല്ലാം ബോംബ് ഷെല്‍ട്ടറുകളിലേക്ക് മാറ്റിയതായും ഐഡിഎഫ് സമൂഹ മാധ്യമമായ എക്സിലൂടെ അറിയിച്ചു. ഇസ്രയേലിലെ ഒരുകോടിയോളം വരുന്ന ജനങ്ങളെ ലക്ഷ്യമാക്കിയാണ് ഇറാന്റെ ആക്രമണമെന്നും ഐഡിഎഫ്(IDF) കൂട്ടിച്ചേര്‍ത്തു.

മിസൈലുകള്‍ എവിടെയെങ്കിലും പതിച്ചോ അല്ലെങ്കില്‍ നിര്‍വീര്യമാക്കിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇസ്രയേലില്‍ ആക്രമണം നടത്തിയതായി ഇറാന്‍ സ്ഥിരീകരിച്ചു. തിരിച്ചടിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്സിനെ (IRGC) ഉദ്ധരിച്ചുകൊണ്ട് ഐആര്‍എന്‍എ ന്യൂസ് ഏജന്‍സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്മയില്‍ ഹനിയ, ഹസന്‍ നസറുള്ള എന്നിവരുടെ രക്താസക്ഷിത്വത്തിന് പകരമാണ് ആക്രമണമെന്നും ഐആര്‍ജിസി  (IRGC) വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0