'ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും'; സുപ്രീം കോടതിയിലേക്ക് രണ്ട് പുതുമുഖങ്ങൾ, ഉത്തരവ് ഉടൻ

Jul 12, 2024 - 10:27
 0

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ നൽകി. അതേസമയം സുപ്രീം കോടതിയിലേക്ക് രണ്ട് ജഡ്‌ജിമാരെ കൂടി നിയമിക്കാനും കൊളീജിയം ശുപാർശ. ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചാൽ നിയമനഉത്തരവ് പുറത്തിറങ്ങും. ജസ്റ്റിസ് അനിരുദ്ധാ ബോസ്, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ എന്നിവർ വിരമിച്ചതിെനെ തുടർന്ന് സുപ്രീം കോടതിയിൽ ഉണ്ടായ ഒഴിവുകൾ നികത്താനാണ് നിയമനം.

ബോംബെ ഹൈക്കോടതിയിലെ സീനിയർ ജഡ്‌ജിയാണ് നിതിൻ മധുകർ ജാംദാർ. ബോംബെ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ ഏറ്റവും സീനിയർ ജഡ്ജിയാണ് ജസ്റ്റിസ് നിതിൻ ജാംദാർ. 2012 ജനുവരി 23-ന് ആണ് ബോംബെ ഹൈക്കോടതി ജഡ്‌ജി ആയി ജാംദാർ നിയമിതനായത്. അതിന് മുമ്പ് കേന്ദ്ര സർക്കാരിന്റെ സീനിയർ സ്റ്റാൻ്റിങ് കോൺസൽ ആയിരുന്നു.

ഷോലപൂർ സ്വദേശിയായ ജസ്റ്റിസ് നിതിൻ ജാംദാർ ബോംബെ ഹൈക്കോടതിയുടെ ആക്‌ടിങ് ചീഫ് ജസ്റ്റിസ് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സുപ്രീം കോടതി ജഡ്‌ജിയായി ഉയർത്തപ്പെട്ടില്ലായെങ്കിൽ 2026 ജനുവരി ഒമ്പതിന് വിരമിക്കും. ജുഡീഷ്യൽ, അഡ്മിനിസ്ട്രേറ്റീവ് മേഖലകളിൽ അനുഭവപരിചയം ഉള്ളതിനാലാണ് ജസ്റ്റിസ് നിതിൻ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തത്.

അതേസമയം ജമ്മു കശ്‌മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എൻ.കെ. സിങിനേയും മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആർ.മഹാദേവനെയും സുപ്രീം കോടതി ജഡ്‌ജിമാരായി ഉയർത്താനും കൊളീജിയം ശുപാർശ ചെയ്‌തു. മണിപ്പൂർ സ്വദേശിയാണ് ജസ്റ്റിസ് എൻ.കെ. സിങ്. കൊളീജിയം ശുപാർശ അംഗീകരിച്ചാൽ മണിപ്പൂരിൽ നിന്നുള്ള ആദ്യ സുപ്രീംകോടതി ജഡ്‌ജി എൻ.കെ സിങ് ആകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0