ഹമാസിനെതിരായ യുദ്ധം നിര്‍ത്താതെ ഇസ്രയേല്‍ പൗരന്‍മാരെ രാജ്യത്ത് കയറ്റില്ല; പാസ്പോര്‍ട്ട് നിരോധിക്കും; വിലക്ക് പ്രഖ്യാപിച്ച് മാലിദ്വീപ്
ഹമാസിനെതിരെ ഇസ്രയേല്‍ ഗാസയിലും റാഫയിലും നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രയേല്‍ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി മാലിദ്വീപ്. മന്ത്രിസഭയുടെ ശിപാര്‍ശ പ്രകാരമാണ് തീരുമാനമെടുത്തതെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇസ്രയേല്‍ പൗരന്മാര്‍ മാലദ്വീപില്‍ പ്രവേശിക്കുന്നത് തടയുന്നതിന് വേണ്ടി നിയമഭേദഗതികള്‍ വരുത്തും. പാലസ്തീന് ആവശ്യമായ സഹായങ്ങള്‍ അവലോകനം ചെയ്യുന്നതിനായി പ്രത്യേക നയതന്ത്രപ്രതിനിധിയെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചുവെന്നും അദേഹം പറഞ്ഞു.
ഇസ്രയേലിന്റെ പാസ്പോര്‍ട്ട് രാജ്യത്ത് നിരോധിക്കാനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തില്‍ പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു സ്വീകരിച്ചതായി ആഭ്യന്തര സുരക്ഷ, സാങ്കേതിക മന്ത്രി അലി ഇഹ്‌സന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കാബിനറ്റ് ഉപസമിതി രൂപീകരിക്കും. കൂടാതെ ഫലസ്തീന്റെ ആവശ്യങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക ദൂതനെ നിയോഗിക്കാനും പ്രസിഡന്റ് തീരുമാനിച്ചു. ഫലസ്തീനുവേണ്ടി ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയുമായി ചേര്‍ന്ന് ധനസമാഹണ കാമ്പയിന്‍ നടത്താനും രാജ്യവ്യാപകമായി റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്.