ചരിത്രത്തിലിടം നേടിയ പാതയോര വിവാഹത്തിൻ്റെ സ്മരണയുമായി മിഷനറി കുടുംബം
ചരിത്രത്തിലിടം നേടിയ പാതയോര വിവാഹം ഒരു വർഷം പിന്നിടുമ്പോൾ സംഭവബഹുലമായ പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോക്കുകയാണ് പാസ്റ്റർ സെബാസ്റ്റ്യനും
ചരിത്രത്തിലിടം നേടിയ പാതയോര വിവാഹം ഒരു വർഷം പിന്നിടുമ്പോൾ സംഭവബഹുലമായ പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോക്കുകയാണ് പാസ്റ്റർ സെബാസ്റ്റ്യനും പ്രിൻസിയും.
കോവിഡ് നിയന്ത്രണങ്ങൾക്കിടയിലെ ഏറെ പ്രതിസന്ധികളെ തരണം ചെയ്താണ് വിവാഹിതരായത്. കേരള – കർണാടക അതിർത്തിയായ കൊച്ചി-മുംബൈ ദേശീയപാതയിലെ തലപ്പാടിയിലെ പാതയോരമായിരുന്നു ജനശ്രദ്ധയാകർഷിച്ച വിവാഹത്തിനു വേദിയായത്.
ചർച്ച് ഓഫ് ഗോഡ് ബെംഗളുരു സൗത്ത് സെൻ്ററിൻ്റെ പ്രാദേശിക സഭയായ ഹൊസൂർ സഭയുടെ ശുശൂഷകനും മംഗലാപുരം ശക്തി നഗർ പരേതനായ ജോസഫ്- അന്നക്കുട്ടിയുടെ മകൻ പാസ്റ്റർ സെബാസ്റ്റ്യൻ ജോസഫും കാഞ്ഞങ്ങാട് കാഞ്ഞിരപ്പൊയിൽ ഉശരിക്കൽ വീട്ടിൽ യു കെ പീറ്റർ – ലാലിയുടെയും മകൾ യു പി പ്രിൻസിയുടെയും വിവാഹമാണ് കഴിഞ്ഞ വർഷം ആഗസ്റ്റ് 6 ന് ദേശീയ പാതയോരത്ത് നടന്നത്. കഴിഞ്ഞ ഒരു വർഷത്തോളം തങ്ങളെ അതിശയകരമായി ദൈവം നടത്തിയ വഴികളെക്കുറിച്ച് ഓർത്ത് ദൈവത്തിന് നന്ദി അർപ്പിക്കുകയാണ് ഒന്നാം വിവാഹ വാർഷിക ദിനമായ ഇന്ന്.
ഏപ്രിൽ 6 ന് വധുവിൻ്റെ വീട്ടിൽ നിശ്ചയവും 23 ന് പാസ്റ്റർ ജോസഫ് ജോണിൻ്റെ കാർമ്മികത്വത്തിൽ വരൻ്റെ വീട്ടിൽ വിവാഹവും നടത്തുവാനുള്ള ക്രമീകരണങ്ങൾ നടത്തിയിരുന്നു. ക്ഷണക്കത്ത് നല്കി എല്ലാവരെയും ക്ഷണിച്ചെങ്കിലും ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വിവാഹത്തിയതി പല തവണ മാറ്റേണ്ടി വന്നു.
അവസാനഘട്ടത്തിലാണ് ആഗസ്റ്റ് 6 ന് കാഞ്ഞങ്ങാട്ടിലെ വധുവിൻ്റെ വീട്ടിൽ വെച്ച് വിവാഹം നടത്താൻ തീരുമാനിച്ചത്. എന്നാൽ വരൻ ഉൾപ്പെടെ 6 പേർ രണ്ടു വാഹനങ്ങളിലായി അതിർത്തി കടന്നു വധുവിൻ്റെ വീട്ടിൽ എത്തുന്നതിനായി കോവിഡ് 19 ജാഗ്രതാ പോർട്ടിൽ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ആഗസ്റ്റ് 5 ന് വൈകിട്ട് കലക്ടറേറ്റിലേക്ക് വിളിച്ചതോടെ പാസ് കിട്ടുകയില്ലന്ന് അറിയുവാനിടയായി. എല്ലാ ഒരുക്കങ്ങളും ചെയ്ത് ഒടുവിൽ വീണ്ടും വിവാഹം മുടങ്ങുമെന്നായതോടെ തലപ്പാടിയിലെ അതിർത്തിയിൽ വിവാഹം നടത്താമെന്ന തീരുമാനത്തിലെത്തി ബന്ധുക്കൾ .
ശുശ്രൂഷകനും വരനുമായ പാസ്റ്റർ സെബാസ്റ്റ്യൻ ദൈവഹിതപ്രകാരം നടക്കട്ടെയെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു.
ഒടുവിൽ 2020 ആഗസ്റ്റ് 6 ന് രാവിലെ 11.30ന് കേരള-കർണാടക അതിർത്തിയായ തലപ്പാടിയിലെ ദേശീയപാതയിലെ പെട്രോൾ പമ്പിനടുത്തുള്ള പാതയോരം വിവാഹ വേദിയാക്കി മാറ്റി. വരൻ്റെ വീട്ടിൽ നിന്നു മാതാവ് അന്നക്കുട്ടിയും മാതൃസഹോദരനും വരൻ്റെ 3 സഹോദരങ്ങളും വധുവിൻ്റെ വീട്ടിൽ നിന്നു മാതാപിതാക്കളും സഹോദരനും എന്നിങ്ങനെ 8 പേരാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.
കോഴിക്കോട് കുറ്റിയാടി എ ജി സഭാ ശുശ്രൂഷകൻ പാസ്റ്റർ പി ടി തോമസാണ് വിവാഹ ശുശ്രൂഷ നടത്തിയത്.
വധുവിന് മാത്രം പാസ് നേരത്തെ ലഭിച്ചതിനാൽ വിവാഹശേഷം വരൻ്റെ മംഗലാപുരത്തെ ഭവനത്തിലാക്കാണ് ഇരുവരും എത്തിയത്.