ബന്ദിപ്പുരിൽ മാൻവേട്ടക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ഏറ്റുമുട്ടി; വെടിവെയ്പ്പിൽ ഒരു മരണം
കർണാടത്തിലെ ബന്ദിപ്പുർ വനത്തിൽ മാൻവേട്ടക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ. വെടിവെയ്പ്പിൽ ഒരാൾ മരിച്ചു. ഭീമനബീടു സ്വദേശി മനു(27) എന്നയാളാണ് മരിച്ചത്.10 അംഗ മാൻവേട്ട സംഘത്തിൽ ഉണ്ടായിരുന്ന ആളാണ് മനു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് വനത്തിനുള്ളിൽ വെടിവെയ്പ്പ് നടന്നത്. ഇന്ന് പുലർച്ചെയോടെയാണ് വനത്തിനുള്ളിൽ വെടിവെ്പ്പ് നടന്നുവെന്നും ഒരാൾ മരിച്ചതായും കർണാടക പൊലീസിന് വിവരം ലഭിക്കുന്നത്. വനത്തിലെ എന്‍ട്രി പോയിന്റിലും എക്‌സിറ്റ് പോയിന്റിലും പൊലീസെത്തുകയും വനംവകുപ്പുമായി ബന്ധപ്പെടുകയും ചെയ്തതോടെയാണ് വെടിവയ്പ്പുണ്ടായതായി സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് മാൻവേട്ട സംഘത്തെ വനത്തിനുള്ളിൽ പട്രോളിങിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടത്. ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഇതേത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മാൻവേട്ട സംഘത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ വേട്ടസംഘം തിരിച്ചും വെടിവെച്ചു.
ഇരുകൂട്ടരും തമ്മിലുള്ള വെടിവെയ്പ്പിനിടെയാണ് മനുവിന് വെടിയേറ്റത്. വെടിയേറ്റു വീണ മനു സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഇയാളുടെ മൃതദേഹം ഇന്ന് വനത്തിനുള്ളിൽനിന്ന് പുറത്തേക്ക് കൊണ്ടുവന്നു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഏറ്റുമുട്ടലിനിടെ സംഘത്തിലെ എട്ടുപേർ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. ഒരാളെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഒളിവിൽ പോയവരെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് കർണാടക പൊലീസും പ്രതികളെ കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ട്.