ജാര്‍ഖണ്ഡില്‍ പാസ്റ്ററെ മര്‍ദ്ദിച്ചു, യു.പി.യില്‍ ഭവന സന്ദര്‍ശനം നടത്തിയത് കേസ്
ജാര്‍ഖണ്ഡില്‍ പാസ്റ്ററെ മര്‍ദ്ദിച്ചു, യു.പി.യില്‍ ഭവന സന്ദര്‍ശനം നടത്തിയത് കേസ് കോഡര്‍മ: ജാര്‍ഖണ്ഡില്‍ സഭായോഗം നടത്തുകയായിരുന്ന പാസ്റ്ററെ മര്‍ദ്ദിച്ചു. യു.പി.യില്‍ ഭവന സന്ദര്‍ശനത്തിനെത്തിയ പാസ്റ്ററെയും വിശ്വാസികളെയും കള്ളക്കേസില്‍ കുടുക്കി കേസെടുത്തു.
യു.പി.യില്‍ ഭവന സന്ദര്‍ശനത്തിനെത്തിയ പാസ്റ്ററെയും വിശ്വാസികളെയും കള്ളക്കേസില്‍ കുടുക്കി കേസെടുത്തു. സെപ്റ്റംബര്‍ 8-ന് ഞായറാഴ്ച ജാര്‍ഖണ്ഡിലെ കോഡര്‍മ ജില്ലയില്‍ ഡോംചഞ്ച് ഗ്രാമത്തില്‍ സ്വതന്ത്ര ദൈവസഭയുടെ ആരാധനയ്ക്കിടയിലാണ് സുവിശേഷ വിരോധികളുടെ ആക്രമണമുണ്ടായത്.
രാവിലെ 9.30-ന് സഭായോഗം ആരംഭിച്ചപ്പോള്‍ ഒരു സംഘം ആളുകള്‍ പാസ്റ്റര്‍ മനോഹര്‍ ബര്‍ണന്‍ ശുശ്രൂഷിക്കുന്ന സഭയിലെത്തി ഉച്ചത്തില്‍ ശ്ളോകം ചൊല്ലി ബഹളം വയ്ക്കുകയും വടികളും തടിക്കഷണങ്ങളും ഉപയോഗിച്ച് പാസ്റ്റര്‍ മനോഹറിനെ ക്രൂരമായി അടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. തടസ്സം സൃഷ്ടിച്ച പാസ്റ്ററുടെ ഭാര്യ സവിത ദേവിയെ അപമാനിക്കുകയും ഭയന്നു പോയ വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
40-ഓളം വിശ്വാസികള്‍ കടന്നു വരുന്ന ഈ സഭ പാസ്റ്റര്‍ മനോഹറിന്റെ സ്വന്തം വസ്തുവിലാണ് സ്ഥാപിച്ചത്. അംഗവൈകല്യമുള്ള പാസ്റ്റര്‍ മനോഹര്‍ നല്ല ദൈവകൃപയില്‍ കര്‍ത്താവിനുവേണ്ടി ശക്തമായി പ്രവര്‍ത്തിച്ചു വന്ന ദൈവദാസനാണ്. സംഭവത്തെ തുടര്‍ന്ന് വിശ്വാസികള്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വിശ്വാസികള്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സെപ്റ്റംബര്‍ 8-ന് ഞായറാഴ്ച യു.പി.യിലെ ലാക്കിംപൂര്‍ ജില്ലയിലെ ബിജുവാ ബ്ളോക്കില്‍ ജുഹാന്‍പൂരില്‍ 200 വിശ്വാസികള്‍ കൂടിവരുന്ന സ്വതന്ത്ര സഭയുടെ പാസ്റ്ററായ ഷിബു പി. മാത്യുവും ഭാര്യ ബിന്ദു, സഭയിലെ 4 സഹോദരിമാര്‍ എന്നിവര്‍ സഭയിലെ ഒരു വിശ്വാസിയുടെ വീട്ടില്‍ ഉച്ചയ്ക്ക് 1.45-ന് പ്രാര്‍ത്ഥിക്കാനായി എത്തിയപ്പോള്‍ നൂറോളം വരുന്ന നാട്ടുകാരായ വര്‍ഗ്ഗീയ പാര്‍ട്ടികളുടെ ആളുകള്‍ സംഘടിച്ചു പാസ്റ്ററെയും സംഘത്തെയും പുറത്തേക്കു വിളിച്ചു.
എന്നാല്‍ അപകടം മനസ്സിലായതിനെത്തുടര്‍ന്നു വീട്ടുകാര്‍ വീടിന്റെ വാതില്‍ പൂട്ടുകയും പാസ്റ്ററെയും സഹപ്രവര്‍ത്തകരെയും പുറത്തിറങ്ങുവാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു.
പുറത്ത് അസഭ്യ വര്‍ഷവും ഭീഷണിയും മുഴക്കി നിന്ന ജനക്കൂട്ടം വീടിന്റെ വാതില്‍ പുറത്തുനിന്നു പൂട്ടി. സംഭവം അറിഞ്ഞ പോലീസ് സ്ഥലത്തെത്തി. മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചായിരുന്നു ബഹളം.
പാസ്റ്ററെയും ഭാര്യയെയും മറ്റുള്ളവരെയും പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി ചോദ്യം ചെയ്യുകയും മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ചില വിശ്വാസികളെ സ്നാനപ്പെടുത്തിയ ഫോട്ടോകളും കാണുകയും ചെയ്തതിനാല്‍ മതപരിവര്‍ത്തനം നടന്നതായും വീടു സന്ദര്‍ശനം നടത്തിയതിനെതിരെ കേസെടുക്കുകയും ചെയ്തു. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.