മഹാരാഷ്ട്രയില്‍ പാസ്റ്ററെ നക്സലൈറ്റുകള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
മഹാരാഷ്ട്രയില്‍ യുവ പാസ്റ്ററെ ഒരു സംഘം നക്സലൈറ്റുകള്‍ വീട്ടില്‍നിന്നും പിടിച്ചിറക്കിക്കൊണ്ടുപോയി വെടിവെച്ചു കൊലപ്പെടുത്തി.
ഗാദ്ചിരോലി ജില്ലയില്‍ ഭാമരാഗാദ് താലൂക്കിലെ ഭത്പാര്‍ ഗ്രാമത്തിലെ താമസക്കാരനായ പാസ്റ്റര്‍ മുന്‍ഷി ദേവ് റ്റാഡോ ആണ് (30) ദാരുണമായി കൊലചെയ്യപ്പെട്ടത്.
ജൂലൈ 10-ന് വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. തന്റെ ഭവനത്തില്‍ ക്രമീകരിച്ചിരുന്ന ഉപവാസ പ്രാര്‍ത്ഥനാ യോഗം 5.30-ഓടുകൂടി അവസാനിച്ചശേഷം പാസ്റ്റര്‍ മുന്‍ഷിയും കുടുംബവും വീട്ടില്‍ ഇരിക്കുമ്പോള്‍ സ്ത്രീകളടക്കം ആറ് അംഗ നക്സലൈറ്റുകള്‍ അതിക്രമിച്ചു കയറി മുന്‍ഷിയെ പിടിച്ചിറക്കി കൈകള്‍ ബന്ധിച്ചശേഷം തട്ടിക്കൊണ്ടുപോയി.
അര കിലോമീറ്റര്‍ അകലെ എത്തിച്ചശേഷം അക്രമികള്‍ മുന്‍ഷിയെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നു മറ്റൊരു പാസ്റ്ററായ വിജയ് കുമാര്‍ പറഞ്ഞു. കുറെ സമയം കഴിഞ്ഞശേഷമാണ് മുന്‍ഷിയുടെ ശരീരം കണ്ടെത്താന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.തുടര്‍ന്നു 13 കിലോമീറ്റര്‍ ദൂരെയുള്ള ആശുപത്രിയില്‍ ജഡം എത്തിച്ചു, പോസ്റ്റുമാര്‍ട്ടം ചെയ്തു.
നേരത്തെ നക്സലൈറ്റിന്റെ പ്രവര്‍ത്തകനായിരുന്ന മുന്‍ഷി പിന്നീട് സുവിശേഷം കേട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് വിശ്വാസ ജീവിതത്തിലേക്കു കടന്നു വരികയും ദൈവവചനം പഠിക്കുന്നതിനോടൊപ്പം പ്രദേശത്ത് ഒരു സഭായോഗവും നടത്തി വരികയുമായിരുന്നു. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന ഫലമായി വനമേഖലയില്‍ 18-ഓളം കുടുംബങ്ങള്‍ രക്ഷിക്കപ്പെടുവാന്‍ ഇടവന്നിരുന്നു.
മുന്‍ഷി തങ്ങളുടെ വിവരങ്ങള്‍ പോലീസിനെ അറിയികുന്നുവെന്നു തെറ്റായി കരുതിയാണ് തട്ടിക്കൊണ്ടു പോയതെന്നു ബന്ധുക്കളും വിശ്വാസികളും പറഞ്ഞു. ഗാദ് ചിരോലി ആദിവാസി മേഖലയാണ്. ഇവിടെ ക്രൈസ്തവര്‍ക്കെതിരായി നക്സലൈറ്റുകള്‍ കാര്യമായ ഭീഷണിയൊന്നും നടത്തിയിരുന്നില്ല.തെറ്റിദ്ധാരണയുടെ ഫലമാണ് കൊലപാതകമെന്ന് കുടുംബം വിശ്വാസിക്കുന്നു.
മുന്‍ഷിയുടെ അകാല വേര്‍പാടില്‍ ദുഃഖിതരായി കഴിയുകയാണ് ഭാര്യ ജയ്നിയും മൂന്നു കുഞ്ഞുങ്ങളും. പാസ്റ്റര്‍ മുന്‍ഷിയുടെ കൊലപാതകത്തില്‍ പ്രദേശത്തെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ ഞെട്ടലോടെ കഴിയുകയാണ്. ഭയം മൂലം അക്രമികള്‍ക്കെതിരെ നാട്ടുകാര്‍ പ്രതികരിക്കാറില്ല. ദൈവമക്കള്‍ പാസ്റ്ററുടെ കുടുംബത്തെയും സഭയെയും ഓര്‍ത്തു പ്രാര്‍ത്ഥിക്കുക.