ഹരിതമിത്രമാണ് പാസ്റ്റർ ജേക്കബ് ജോസഫ്
ആശ്വാസവും കരുതലും മനുഷ്യർക്കു മാത്രമല്ല, വളർത്തു മൃഗങ്ങൾക്കും കൃഷിയിലൂടെ ഭൂമിക്കും നൽകിയതിലൂടെ ഇരവിപേരൂർ ഗിൽഗാൽ ആശ്വാസ ഭവനിലെ പാസ്റ്റർ
തിരുവല്ല ∙ ആശ്വാസവും കരുതലും മനുഷ്യർക്കു മാത്രമല്ല, വളർത്തു മൃഗങ്ങൾക്കും കൃഷിയിലൂടെ ഭൂമിക്കും നൽകിയതിലൂടെ ഇരവിപേരൂർ ഗിൽഗാൽ ആശ്വാസ ഭവനിലെ പാസ്റ്റർ ജേക്കബ് ജോസഫ് സംസ്ഥാനത്തെ മികച്ച പച്ചക്കറി കർഷനായി മാറി. കൃഷി വകുപ്പിന്റെ ഇത്തവണത്തെ ഹരിത മിത്ര അവാർഡ് ( ഒരു ലക്ഷം രൂപ) ഇദ്ദേഹത്തിനാണ്. അശരണരായവർക്ക് ആശ്രയമാകാൻ 20 വർഷം മുൻപാണ് മണിമല കറിക്കാട്ടൂർ സ്വദേശിയായ പാസ്റ്റർ ജേക്കബ് ജോസഫ് ഇരവിപേരൂരിലെത്തി ഗിൽഗാൽ ആശ്വാസ ഭവൻ തുടങ്ങുന്നത്. ഇപ്പോൾ 350 അന്തേവാസികളുണ്ട്. സ്വന്തം സ്ഥലത്തെ കൃഷിക്കു പുറമേ എട്ടിടങ്ങളിലായി പാട്ടത്തിനെടുത്ത 25 ഏക്കറോളം സ്ഥലം നിറയെ പച്ചക്കറി കൃഷികളാണ്. ആശ്വാസ ഭവനിലെ ആവശ്യം കഴിഞ്ഞ് മാസം രണ്ടര ലക്ഷത്തോളം രൂപയുടെ പച്ചക്കറി വിൽക്കാനും കഴിയുന്നുണ്ട്.
3 നിലക്കെട്ടിടത്തിന്റെ ഉയരത്തിൽ തട്ടുതട്ടായി കാബേജും ചീരയും കൃഷി ചെയ്തിരിക്കുകയാണിപ്പോൾ. 10 സെന്റിൽ നിന്ന് അരയേക്കറിലെ വിളവ് കിട്ടും. മുകളിൽ മഴമറ ഇട്ടതുകാരണം 12 മാസവും കൃഷി ചെയ്യാം. ചെറുതുള്ളികളായി വെള്ളം സ്പ്രേ ചെയ്യുന്നതുകാരണം അന്തരീക്ഷ ഊഷ്മാവ് ശീതകാല പച്ചക്കറിക്ക് അനുയോജ്യമായ രീതിയിൽ നിലനിർത്താനും കഴിയും. മണ്ണിര കംപോസ്റ്റാണ് പ്രധാന വളം. 14 പശുക്കൾ, 30 ആടുകൾ, 100 കോഴികൾ എന്നിവയും ഇവിടെയുണ്ട്.
5 ഏക്കറിൽ തീറ്റപ്പുല്ലു വളർത്തുന്നുണ്ട്. കൃഷിപ്പണിക്കായി 15 സ്ഥിരം തൊഴിലാളികളുണ്ട്. വിൽപനയ്ക്കായി പ്രത്യേക കേന്ദ്രവും ഉണ്ട്. വിളവെടുപ്പു കഴിഞ്ഞാൽ ബാക്കിവരുന്ന ഇലകളും വള്ളിയും കംപോസ്റ്റ് വളമാക്കി മാറ്റും.ദിവസം മൂന്നു മണിക്കൂറെങ്കിലും പാസ്റ്റർ പച്ചക്കറി തോട്ടത്തിൽ ചെലവഴിക്കാറുണ്ട്. സുരക്ഷിത ജൈവ കൃഷിയാണ് പാസ്റ്റർ പിന്തുടരുന്നതെന്നും ഇതാണ് ഹരിതമിത്രം അവാർഡിന് അർഹനാക്കിയതെന്നു കൃഷി അസിസ്റ്റന്റ് ഡയറക്ടർ സി.അമ്പിളി പറഞ്ഞു.