കാണ്ഡമാൽ കലാപം 10 വർഷത്തിന് ശേഷം രണ്ടാമത്തെ ക്രൈസ്തവ വിശ്വാസിക്ക് മോചനം

ണ്ഡമാല്‍ കലാപത്തെ തുടര്‍ന്നു തീവ്ര ഹിന്ദുത്വവാദികളുടെ ഇടപെടലിനെ തുടര്‍ന്നു ജയില്‍ശിക്ഷ അനുഭവിക്കുന്ന നിരപരാധികളായ ഏഴു ക്രൈസ്തവ വിശ്വാസികളില്‍ രണ്ടാമത്തെയാള്‍ക്കും ജാമ്യം. ബിജയ് കുമാര്‍ സന്‍സേത്തിനു സുപ്രീംകോടതിയാണു ജാമ്യം അനുവദിച്ചത്. കട്ടക് ഭുവനേശ്വര്‍ അതിരൂപതയുടെയും ഹ്യൂമന്‍ റൈറ്റ്‌സ് ലോ നെറ്റ് വര്‍ക്കിന്റെയും (എച്ച്ആര്‍എന്‍എല്‍) ശ്രമങ്ങളാണു സുപ്രീം കോടതിയില്‍നിന്നു ജാമ്യം അനുവദിക്കുന്നതിലേക്കു നയിച്ചതെന്നു മാധ്യമപ്രവര്‍ത്തകന്‍ ആന്റോ അക്കര പറഞ്ഞു. ഇതോടെ കേസില്‍ ജാമ്യം ലഭിച്ചവരുടെ എണ്ണം രണ്ടായി.

Jul 26, 2019 - 15:50
 0
കാണ്ഡമാൽ കലാപം 10 വർഷത്തിന് ശേഷം രണ്ടാമത്തെ ക്രൈസ്തവ വിശ്വാസിക്ക് മോചനം

കാണ്ഡമാല്‍ കലാപത്തെ തുടര്‍ന്നു തീവ്ര ഹിന്ദുത്വവാദികളുടെ ഇടപെടലിനെ തുടര്‍ന്നു ജയില്‍ശിക്ഷ അനുഭവിക്കുന്ന നിരപരാധികളായ ഏഴു ക്രൈസ്തവ വിശ്വാസികളില്‍ രണ്ടാമത്തെയാള്‍ക്കും ജാമ്യം. ബിജയ് കുമാര്‍ സന്‍സേത്തിനു സുപ്രീംകോടതിയാണു ജാമ്യം അനുവദിച്ചത്. കട്ടക് ഭുവനേശ്വര്‍ അതിരൂപതയുടെയും ഹ്യൂമന്‍ റൈറ്റ്‌സ് ലോ നെറ്റ് വര്‍ക്കിന്റെയും (എച്ച്ആര്‍എന്‍എല്‍) ശ്രമങ്ങളാണു സുപ്രീം കോടതിയില്‍നിന്നു ജാമ്യം അനുവദിക്കുന്നതിലേക്കു നയിച്ചതെന്നു മാധ്യമപ്രവര്‍ത്തകന്‍ ആന്റോ അക്കര പറഞ്ഞു. ഇതോടെ കേസില്‍ ജാമ്യം ലഭിച്ചവരുടെ എണ്ണം രണ്ടായി. മറ്റു മൂന്നു പേരുടെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലുണ്ട്.


2008-ല്‍ ആണ് ലോക മനസ്സാക്ഷിയെ ഞെട്ടിച്ച് ഒഡീഷായിലെ കാണ്ഡമാലില്‍ ക്രൈസ്തവ കൂട്ടക്കുരുതി നടന്നത്. ഹൈന്ദവ നേതാവായ സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തെ തുടര്‍ന്ന് അരങ്ങേറിയ ആക്രമണത്തില്‍ നൂറോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ക്രൈസ്തവര്‍ക്കെതിരെ വ്യാജാരോപണം നടത്തി ഭൂരിഭാഗം നിരക്ഷരരായ ഹിന്ദുജനതയെ ആര്‍‌എസ്‌എസ്- വി‌എച്ച്‌പി സംഘടനകള്‍ ആക്രമത്തിനു ആഹ്വാനം ചെയ്യുകയായിരിന്നു.


ഇതിനേ തുടര്‍ന്ന് ആഴ്ചകളോളം നീണ്ടുനിന്ന അക്രമത്തില്‍ മുന്നൂറോളം ക്രിസ്തീയ ദേവാലയങ്ങളും, ആറായിരത്തോളം ക്രിസ്തീയ ഭവനങ്ങളും കൊള്ളയടിക്കപ്പെടുകയും, അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. ആക്രമത്തില്‍ 40 സ്ത്രീകളെയാണ് ബലാല്‍സംഘം ചെയ്തത്. തുടര്‍ന്നു സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തില്‍ പങ്ക് ആരോപിച്ചു ഏഴു നിരപരാധികളായ ക്രൈസ്തവ വിശ്വാസികളെ തടവിലാക്കുകയായിരിന്നു.


പത്തു വര്‍ഷത്തിലധികമായി ഇവര്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ്. ഭാസ്‌കര്‍ സുനാമാജി, മുണ്ട ബഡമാജി, ദുര്‍ജോ സുനാമാജി, സനാതന്‍ ബഡമാജി, ബുദ്ധദേബ് നായക് എന്നിവരാണു ജയിലില്‍ കഴിയുന്നവര്‍. കേസില്‍ ജയിലിലാക്കപ്പെട്ടവര്‍ നിരപരാധികളാണെന്നും അവരെ വിട്ടയയ്ക്കണമെന്നുമാവശ്യപ്പെട്ടു മാധ്യമപ്രവര്‍ത്തകന്‍ ആന്റോ അക്കര നടത്തുന്ന പോരാട്ടങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇവരുടെ മോചനത്തിനായി നടത്തുന്ന അദ്ദേഹം ആരംഭിച്ച ഓണ്‍ലൈന്‍ ഒപ്പുശേഖരണത്തില്‍ എണ്‍പതിനായിരത്തിലധികം ആളുകളാണ് ഒപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.