ഡല്‍ഹിയില്‍ സിറോ മലബാർ സഭയുടെ പള്ളി പൊളിച്ചു
രാജ്യ തലസ്ഥാനമായ ഡൽഹിയുടെ ദക്ഷിണ മേഖലയിലെ ഫരീദാബാദിലുള്ള സിറോ മലബാര്‍ സഭയുടെ കീഴിലുള്ള ലാദോസ് സെറായി ലിറ്റില്‍ ഫ്‌ളവര്‍ പള്ളി പൊളിച്ചു മാറ്റി. ഡൽഹി ഡെവലപ്പ്മെന്റ് അതോറിറ്റി (ഡി.ഡി.എ) ആണ് ഈ നടപടിയെടുത്തത്.
ജൂലൈ 12, പകൽ 10 മണിയോടെയാണ് മണ്ണുമാന്തി യന്ത്രവുമായി എത്തിയ സര്‍ക്കാര്‍ അധികൃതര്‍ പള്ളി പൊളിച്ചു മാറ്റിയത്. അനധികൃതമായി നിർമ്മിച്ച കെട്ടിടമെന്ന് ചൂണ്ടികാട്ടിയായിരുന്നു അധികൃതരുടെ ഈ നടപടി. എന്നാൽ ഈ നിർമ്മാണത്തെ ചൊല്ലിയുള്ള തർക്കം കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഡി.ഡി.എ ഈ കൃത്യം നിർവഹിച്ചതെന്ന് ആരോപിച്ചു വിശ്വാസികൾ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷങ്ങളായി പ്രവർത്തിക്കുന്ന ഈ പള്ളിയിൽ, ഏകദേശം 1500ഓളം വിശ്വാസികള്‍ പ്രാർത്ഥനയ്ക്കും ശുശ്രുഷയക്കുമായി കൂടിവരുന്നുണ്ടായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്, പള്ളി പൊളിച്ചു മാറ്റണമെന്ന് ഉത്തരവ് പകർപ്പുള്ള നോട്ടീസ് ലഭിച്ചത്. എന്നാൽ,നോട്ടീസിന് മറുപടി നൽകാൻ പോലും സമയം നല്‍കാതെയാണ് പള്ളി പൊളിച്ചു മാറ്റിയതെന്നു വിശ്വാസികള്‍ ആരോപിച്ചു. പള്ളി തകര്‍ത്തതില്‍ പ്രതിഷേധിച്ച് ഇടവക വികാരി ഫാ. ജോസ് കന്നുംകുഴിലിന്റെ നേതൃത്വത്തില്‍ പള്ളി പരിസരത്ത് പ്രാര്‍ത്ഥനാ സംഘടിപ്പിച്ചു.