ഇറാഖി ക്രൈസ്തവര്‍ക്ക് സഹായം; പ്രതിനിധിയെ നിയമിച്ച് അമേരിക്ക
ഇറാഖിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കുള്ള സഹായ പദ്ധതികളുടെ മേല്‍നോട്ട ചുമതല യുഎസ് എയിഡ് (USAID) അഡ്മിനിസ്ട്രേറ്ററെ പ്രത്യേകം ഭരമേല്‍പ്പിച്ച് അമേരിക്ക. അമേരിക്കന്‍ വൈസ് പ്രസിഡന്റ്
ഇറാഖിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കുള്ള സഹായ പദ്ധതികളുടെ മേല്‍നോട്ട ചുമതല യുഎസ് എയിഡ് (USAID) അഡ്മിനിസ്ട്രേറ്ററെ പ്രത്യേകം ഭരമേല്‍പ്പിച്ച് അമേരിക്ക. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ശക്തമായ സമ്മര്‍ദ്ധത്തെ തുടര്‍ന്നാണ് മാര്‍ക്ക് ഗ്രീന്‍ എന്ന പ്രതിനിധിയെ ഭരണകൂടം നിയമിച്ചത്. ഇതോടെ ഇറാഖിലെ ക്രിസ്ത്യാനികള്‍ക്കും, യസീദികള്‍ക്കുമുള്ള സഹായങ്ങള്‍ ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും വിതരണം ചെയ്യുക.
ക്രിസ്ത്യന്‍ സഭകളുമായി സഹകരിച്ച് ഇറാഖിലെ ഭവനരഹിതരായ അഭയാര്‍ത്ഥികള്‍ക്കുള്ള സഹായം കൃത്യസമയത്ത് എത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി പ്രതിനിധിയെ നിയമിച്ചിട്ടുണ്ടെന്ന് വൈറ്റ്ഹൗസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാഖിലെ ക്രിസ്ത്യന്‍ സമൂഹങ്ങളുടെ പുനരുദ്ധാരണത്തിനായി ഇതുവരെ ഏതാണ്ട് ഒന്നര കോടിയോളം ഡോളര്‍ അമേരിക്ക ചിലവഴിച്ചിട്ടുണ്ടെന്നും, വിശ്വാസത്തിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെടുകയും, സ്വന്തം ദേശത്തേക്ക് തിരികെ പോകുവാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് അമേരിക്ക അഭയം നല്‍കുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി.
മുന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷിന്റെ ഭരണകാലത്ത് ഇറാഖിലെ പുനര്‍നിര്‍മ്മാണ പദ്ധതികള്‍ക്ക്, മാര്‍ക്ക് മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. യുഎസ് എയിഡ് മിഡില്‍ ഈസ്റ്റിന്റെ മുതിര്‍ന്ന ഉപദേശകനാകുന്നതിനു മുന്‍പ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റേബിലൈസേഷന്‍ ആന്‍ഡ് ട്രാന്‍സിഷന്റെ പ്രസിഡന്റ് പദവിയും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ഇറാഖിലെ ക്രിസ്ത്യന്‍ നേതൃത്വവുമായി അമേരിക്കന്‍ പ്രതിനിധി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രം എര്‍ബിലിലെ യു.എസ് കോണ്‍സുലേറ്റ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇറാഖി ക്രിസ്ത്യാനികള്‍ക്ക് വേണ്ടി അമേരിക്കയും ഐക്യരാഷ്ട്ര സഭയും യാതൊന്നും ചെയ്യുന്നില്ലെന്ന പരാതി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ ഈ നടപടി പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നു.
അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടനുസരിച്ച് വെറും 2,50,000 ത്തോളം ക്രിസ്ത്യാനികള്‍ മാത്രമാണ് ഇറാഖിലുള്ളത്. 2002-ല്‍ ഈ സംഖ്യ 8,00,000മായിരുന്നു. അതേസമയം ക്രിസ്ത്യന്‍ അനുകൂല നിലപാടാണ് ട്രംപ് കൈകൊള്ളുന്നതെങ്കിലും ഈ വര്‍ഷം മധ്യപൂര്‍വ്വേഷ്യയില്‍ നിന്നുള്ള വെറും 23 ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മാത്രമേ രാജ്യത്ത് പ്രവേശിക്കുവാന്‍ ഭരണകൂടം അനുമതി നല്‍കിയിട്ടുള്ളൂ