രോഗാണുക്കൾ പടരാൻ സാധ്യതയുള്ള മതചടങ്ങുകൾ വിലക്കാൻ ശുപാർശ
ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് രോഗാണുക്കൾ പടരാൻ സാധ്യതയുള്ള മതചടങ്ങുകൾ വിലക്കാൻ നിയമപരിഷ്കരണ കമ്മിഷൻ ശുപാർശ ചെയ്തു. കുർബാന അപ്പവും വീഞ്ഞും നാവിൽ നൽകുന്നതടക്കമുള്ള ചടങ്ങുകൾ വിലക്കാനുതകുന്നതാണ് ശുപാർശ.
ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് രോഗാണുക്കൾ പടരാൻ സാധ്യതയുള്ള മതചടങ്ങുകൾ വിലക്കാൻ നിയമപരിഷ്കരണ കമ്മിഷൻ ശുപാർശ ചെയ്തു. കുർബാന അപ്പവും വീഞ്ഞും നാവിൽ നൽകുന്നതടക്കമുള്ള ചടങ്ങുകൾ വിലക്കാനുതകുന്നതാണ് ശുപാർശ.
ഇത്തരം ചടങ്ങുകളും ആരാധനാ രീതികളും നിരോധിക്കാൻ സർക്കാരിന് അധികാരം നൽകണമെന്ന് ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ സമിതി തയ്യാറാക്കിയ കരട് ബില്ലിൽ നിർദേശിക്കുന്നു. എന്നാൽ, ഏതൊക്കെ ചടങ്ങാണ് വിലക്കേണ്ടതെന്ന് ഇതിൽ എടുത്തുപറഞ്ഞിട്ടില്ല.
‘ദി കേരള റെഗുലേഷൻ ഓഫ് പ്രൊസീജിയേഴ്സ് ഫോർ പ്രിവന്റിങ് പേഴ്‌സൺ ടു പേഴ്‌സൺ ട്രാൻസ്മിഷൻ ഓഫ് ഇൻഫെക്ഷിയസ് ഓർഗാനിസംസ്’ എന്നാണ് നിർദിഷ്ട നിയമത്തിന്റെ പേര്. കമ്മിഷൻതന്നെ ഇക്കാര്യത്തിൽ പൊതുജനാഭിപ്രായം തേടും. അതിനുശേഷം ആവശ്യമായ മാറ്റംവരുത്തി സർക്കാരിന് സമർപ്പിക്കും. സർക്കാരിന് സ്വീകാര്യമെങ്കിൽ നിയമസഭയിൽ അവതരിപ്പിച്ച് നിയമമാക്കാം.
നിപ വൈറസ് പടർന്നുപിടിച്ചപ്പോൾ ഇത്തരം നിയമത്തിന്റെ ആവശ്യകത ഏറെ ചർച്ചയായിരുന്നു. കുർബാന അപ്പവും വീഞ്ഞും കൈകളിൽ നൽകണമെന്ന് സിറോ മലബാർ സഭയുടെ താമരശ്ശേരി രൂപത ആ സമയത്ത് പ്രത്യേകം ഇടയലേഖനം ഇറക്കുകയും ചെയ്തു. ജസ്റ്റിസ് കെ.ടി. തോമസ് അടക്കമുള്ള നിയമവിദഗ്ധരും ആരോഗ്യപ്രവർത്തകരും ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ പോലെയുള്ള സംഘടനകളും നിയന്ത്രണങ്ങളുടെ ആവശ്യം ചൂണ്ടിക്കാട്ടി രംഗത്തുണ്ട്.
ലംഘിച്ചാൽ ആറുമാസം തടവ്
* നിയമം നിലവിൽവന്നാൽ പ്രത്യേക വിജ്ഞാപനത്തിലൂടെ ഒരു പ്രദേശത്തോ സംസ്ഥാനം മുഴുവനായോ നിശ്ചിതകാലത്തേക്ക് ചടങ്ങുകൾ നിരോധിക്കാം.
* ലംഘിക്കുന്നവർക്ക് ആറുമാസംവരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷനൽകാനും വ്യവസ്ഥ.
ടൂത്ത് ബ്രഷ്, മുഖാവരണങ്ങൾ എന്നിവ ഉപയോഗിച്ചശേഷം മറ്റൊരാൾക്ക് കൈമാറുന്നതും കുറ്റകരം.
ലക്ഷ്യം പകർച്ചവ്യാധി പ്രതിരോധം
ഉമിനീർ, വായു, രക്തം, ശരീരസ്രവങ്ങൾ എന്നിവവഴി പകരാൻ സാധ്യതയുള്ള രോഗങ്ങൾ നിയന്ത്രിക്കലാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം. പക്ഷിപ്പനി, എബോള, നിപ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളുടെ സാധ്യതാമേഖലയിൽ കേരളവും ഉൾപ്പെട്ടതോടെയാണ് ഈ നിർദേശങ്ങൾക്ക് പ്രസക്തിയേറുന്നത്.
കുർബാനയ്ക്ക് ഉപയോഗിക്കുന്ന ചെറിയ അപ്പം സ്വീകർത്താവിന്റെ വായിൽ വെച്ചുകൊടുക്കുമ്പോൾ വൈദികരുടെ കൈയിൽ ഉമിനീർ പുരളാൻ സാധ്യതയുണ്ട്. ഇതേ കൈകൊണ്ട് അടുത്തയാൾക്കും അപ്പം നൽകുന്നത് അണുബാധസാധ്യത വർധിപ്പിക്കുന്നു. ചില ക്രൈസ്തവസഭകൾ ഇപ്പോൾത്തന്നെ അപ്പം കൈകളിൽ നൽകുന്ന രീതിയാണ് പിന്തുടരുന്നത്.
പകർച്ചവ്യാധി സാധ്യതയുള്ള എല്ലാ ചടങ്ങുകളും പരിധിയിൽവരും
കുർബാന എന്ന ഒരു മതത്തിന്റെ ചടങ്ങ് മാത്രമല്ല. രോഗാണുക്കൾ പടരാൻ സാധ്യതയുള്ള എല്ലാ മതചടങ്ങുകളും നിയമത്തിന്റെ പരിധിയിൽവരും. ആവശ്യമായ സമയത്ത് നിരോധിക്കാനും പിന്നീട് നിരോധനം പിൻവലിക്കാനും സർക്കാരിന് അധികാരം നൽകുകയാണ് നിയമത്തിന്റെ ലക്ഷ്യം.
ജസ്റ്റിസ് കെ.ടി. തോമസ്, നിയമപരിഷ്‌കരണ കമ്മിഷൻ അധ്യക്ഷൻ