ഠാകുര്‍ മേഖലയില്‍ ക്രിസ്ത്യന്‍ കുടുംബത്തിനുനേരെ ആക്രമണം; വീടൊഴിപ്പിക്കാന്‍ നീക്കം
ക്രിസ്ത്യാനികളായതുകൊണ്ട് ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് കുടുംബം. ലഖ്നോയിലെ ഠാകുര്‍ ആധിപത്യമുള്ള നന്ദി വിഹാര്‍ കോളനിയിലെ ചിനാട് പ്രദേശത്താണ് ക്രിസ്ത്യന്‍ കുടുംബത്തെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതായി പരാതിയുയര്‍ന്നത്. നാട്ടില്‍നിന്ന് തങ്ങളെ ആട്ടിപ്പായിക്കാനും നീക്കം നടക്കുന്നതായി വീട്ടമ്മയായ പൊമില പോള്‍ പറഞ്ഞു
ലഖ്നോ: ക്രിസ്ത്യാനികളായതുകൊണ്ട് ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് കുടുംബം. ലഖ്നോയിലെ ഠാകുര്‍ ആധിപത്യമുള്ള നന്ദി വിഹാര്‍ കോളനിയിലെ ചിനാട് പ്രദേശത്താണ് ക്രിസ്ത്യന്‍ കുടുംബത്തെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതായി പരാതിയുയര്‍ന്നത്. നാട്ടില്‍നിന്ന് തങ്ങളെ ആട്ടിപ്പായിക്കാനും നീക്കം നടക്കുന്നതായി വീട്ടമ്മയായ പൊമില പോള്‍ പറഞ്ഞു. ക്രിസ്ത്യാനികളാണ് എന്നതിന്റെ പേരില്‍ നാളേറയായി പഴി കേള്‍ക്കുകയാണ്. ഭര്‍ത്താവിനെ തടഞ്ഞുവെച്ച് മര്‍ദിച്ചു. കുടുംബത്തെ സഹായിച്ചതിന് അയല്‍വാസിക്കും മര്‍ദനമേറ്റു. പ്രദേശത്ത് ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ഏക കുടുംബമാണ് തങ്ങളുടേത്. ഇവിടെ കഴിയാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് പീഡനം തുടങ്ങിയിട്ട് നാളേറെയായെന്നും പൊമില പറഞ്ഞു. അതിനിടെ, പൊമിലയുടെ മക്കളും ഠാകുര്‍ കുടുംബാംഗങ്ങളും തമ്മില്‍ കൈയേറ്റമുണ്ടായതും പ്രശ്നം വഷളാക്കി. എന്നാല്‍, പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും തങ്ങളെ മര്‍ദിച്ചയാളുടെ പിതാവ് ഉത്തര്‍പ്രദേശ് പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍ ആണെന്നും പൊമില ചൂണ്ടിക്കാട്ടി. അതേസമയം, മുഖ്യപ്രതി ശുഭമിനെ അറസ്റ്റ് ചെയ്തതായും ഇരുകക്ഷികള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നും ഗോമതി നഗര്‍ സര്‍ക്കിള്‍ ഓഫിസര്‍ ആവണീശ്വര്ചന്ദ്ര ശ്രീവാസ്തവ പറഞ്ഞു.