ഹംഗറിയിൽ മൂന്നിൽ കൂടുതൽ കുട്ടികളുള്ളവർക്ക് 33000 ഡോളർ

ഹംഗറിയിൽ മൂന്നും അതിൽ കൂടുതലും കുട്ടികളുള്ളവർക്ക് 33000 ഡോളർ നല്‍കുവാനാണ് ക്രിസ്തീയ വിശ്വാസത്തെ മുറുകെ പിടിക്കുന്ന പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍റെ തീരുമാനം. ഹംഗറിയിൽ വിവാഹിതരാകുന്ന ദമ്പതികൾക്കു 33,000 ഡോളർ ലോണായിട്ടാണ് പണം നൽകുന്നതെങ്കിലും മൂന്ന് കുട്ടികളായാൽ ദമ്പതികൾക്ക് പണം തിരികെ നൽകേണ്ടി വരികയില്ല

Aug 5, 2019 - 15:11
 0
ഹംഗറിയിൽ മൂന്നിൽ കൂടുതൽ കുട്ടികളുള്ളവർക്ക് 33000 ഡോളർ

ഹംഗറിയിൽ മൂന്നും അതിൽ കൂടുതലും കുട്ടികളുള്ളവർക്ക് 33000 ഡോളർ നല്‍കുവാനാണ് ക്രിസ്തീയ വിശ്വാസത്തെ മുറുകെ പിടിക്കുന്ന പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍റെ തീരുമാനം. ഹംഗറിയിൽ വിവാഹിതരാകുന്ന ദമ്പതികൾക്കു 33,000 ഡോളർ ലോണായിട്ടാണ് പണം നൽകുന്നതെങ്കിലും മൂന്ന് കുട്ടികളായാൽ ദമ്പതികൾക്ക് പണം തിരികെ നൽകേണ്ടി വരികയില്ല. രാജ്യത്തെ ജനസംഖ്യ വർദ്ധിപ്പിക്കാൻ പ്രോലൈഫ് നയത്തിന്റെ അടിസ്ഥാനത്തിൽ ഭരണം നടത്തുന്ന ഭരണകൂടം എടുക്കുന്ന സുപ്രധാന തീരുമാനമാണിത്. ശക്തമായ പ്രോലൈഫ് നയം ഒരിക്കല്‍ കൂടി ലോകത്തിന് മുന്നില്‍ സാക്ഷ്യപ്പെടുത്തി യൂറോപ്യന്‍ രാജ്യമായ ഹംഗറി വീണ്ടും മാധ്യമങ്ങളില്‍ ഇടംനേടുന്നു.


ഏതാണ്ട് രണ്ടായിരത്തിനാനൂറോളം കുടുംബങ്ങൾ ലോൺ കിട്ടാൻ വേണ്ടി ഇതിനകം അപേക്ഷിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചെറിയ ഗഡുക്കളായി സര്‍ക്കാര്‍ ഓരോ മാസവും പണം നൽകും. അഞ്ചുവർഷത്തിനുള്ളിൽ ദമ്പതികൾക്ക് ഒരു കുട്ടിയെങ്കിലും ഉണ്ടായാൽ ലോണിൻ മേലുള്ള പലിശ തിരിച്ചടയ്ക്കേണ്ടി വരില്ല. മൂന്നുവർഷത്തേക്ക് ലോൺ തിരിച്ചടയ്ക്കൽ കാലാവധിയും നീട്ടിക്കിട്ടും. ലോണിന് അപേക്ഷിക്കുന്ന ദമ്പതികളിൽ ഒരാൾ എങ്കിലും ആദ്യത്തെ വിവാഹമായിരിക്കണമെന്നും വിവാഹിതയാകുന്ന സ്ത്രീ 18നും 40നും മധ്യേ പ്രായമുള്ള ആളായിരിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ നിയമത്തിലുണ്ട്.


ഈ വർഷമാദ്യം വിക്ടർ ഓർബന്റെ ഫിഡെസ് സർക്കാർ കുടുംബങ്ങൾക്കായി പ്രഖ്യാപിച്ച ബഡ്ജറ്റിന്റെ ഭാഗമായാണ് ഈ പുതിയ പദ്ധതിയും പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവഴി രാജ്യത്ത് കുടിയേറ്റമില്ലാതെ ജനസംഖ്യ വർദ്ധിപ്പിക്കാമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. താൽക്കാലിക വിജയവും, മുമ്പോട്ട് വലിയ പ്രതിസന്ധികളും സൃഷ്ടിച്ചേക്കാവുന്ന മാർഗങ്ങളാണ് ജനസംഖ്യയിലെ കുറവിനെ അഭിമുഖീകരിക്കാൻ പടിഞ്ഞാറൻ യൂറോപ്പ് ഇപ്പോള്‍ തേടിക്കൊണ്ടിരിക്കുന്നതെന്ന് ഹംഗേറിയൻ സര്‍ക്കാര്‍ വക്താവ് ലണ്ടനിൽ വച്ച് ബ്രേബർട്ട് ന്യൂസ് മാധ്യമത്തോട് പറഞ്ഞു. തങ്ങളുടെ സർക്കാർ കാഠിന്യമേറിയ പദ്ധതികളാണ് രൂപീകരിക്കുന്നതെങ്കിലും ഇത് മികച്ച ഫലം ചൂടുമെന്നും വക്താവ് കൂട്ടിച്ചേർത്തു.