ഓൺലൈനിൽ ഹാജരായും വിവാഹം റജിസ്റ്റർ ചെയ്യാം
Marriage can also be registered online
വധൂവരന്മാർ ഓൺലൈൻ മുഖേന ഹാജരായി സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം റജിസ്റ്റർ ചെയ്യുന്നതിനു നിയമസാധുതയുണ്ടെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സർക്കാർ നടപടിക്രമങ്ങൾ തീരുമാനിക്കുന്നതുവരെ ഹൈക്കോടതി നിർദേശിക്കുന്ന രീതി പിന്തുടരാനും നിർദേശിച്ചു. വിവാഹം ഓൺലൈൻ മുഖേന അനുവദിക്കാമോ എന്ന നിയമപ്രശ്നം സിംഗിൾ ജഡ്ജി റഫർ ചെയ്തതിനെത്തുടർന്നാണു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
കോവിഡ് സാഹചര്യത്തിൽ വധുവിനോ വരനോ നാട്ടിലെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഇത്തരം ഒട്ടേറെ കേസുകൾ കോടതിയിലെത്തിയിരുന്നു. ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിക്ക് ഓൺലൈൻ വിവാഹം അനുവദിക്കുകയും ചെയ്തു. ഇടക്കാല ഉത്തരവ് അന്തിമമാക്കിയാണു വിധി.