കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു

Oct 8, 2024 - 16:40
 0
കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു

കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരു മരണം. കണ്ടപ്പച്ചാൽ സ്വദേശിയായ 60 വയസുള്ള സ്ത്രീയാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ഇവരെ ഓമശ്ശേരി ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്.

നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. 3 പേരുടെ നില അതീവ ഗുരുതരമാണ്. ബസിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും മറ്റു യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. അതീവഗുരുതരാവസ്ഥയിലുള്ള ഒരാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് കീഴ്മേൽ മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. പുഴയോട് ചേര്‍ന്ന് കീഴ്മേൽ മറിഞ്ഞ നിലയിലാണ് കെഎസ്ആര്‍ടിസി ബസ്. കൈവരികളോ സുരക്ഷാ ബാരിക്കേഡുകളോ ഇല്ലാത്ത പാലത്തിൽ നിന്നാണ് ബസ് പുഴയിലേക്ക് മറിഞ്ഞതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു

നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുഴയിലേക്ക് വീണ ബസ് ക്രെയിൻ ഉപയോഗിച്ച് പുറത്തേക്ക് എടുത്തു. അപകടത്തിന്‍റെ കാരണം ഉള്‍പ്പെടെ ലഭ്യമായിട്ടില്ല. മുക്കത്ത് നിന്ന് തിരുവമ്പാടിയിലേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്.