മസൂദ് പെസഷ്കിയാൻ ഇറാൻ പ്രസിഡന്റ്

Jul 6, 2024 - 12:26
 0

ഡോ മസൂദ് പെസഷ്‌കിയാൻ ഇറാന്റെ പുതിയ പ്രസിഡന്റ്. ഇറാന്‍ ആഭ്യന്തരമന്ത്രാലയമാണ് പെസഷ്‌കിയാനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്ത വിവരം അറിയിച്ചത്. എതിരാളിയായ സയീദ് ജലീലിയെ പരാജയപ്പെടുത്തിയാണ് മസൂദ് പെസഷ്‌കിയാൻ നേട്ടം കൊയ്തത്. 13.5 മില്യണ്‍വോട്ടുകള്‍ക്കെതിരേ 16.3 മില്യണ്‍ വോട്ടുകള്‍ക്കാണ് സയീദ് ജലീലിയെ പരാജയപ്പെടുത്തിയത്.

ഇറാനില്‍ നടത്തിയ ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്നാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടത്തിയത്. ജൂണ്‍ 28ന് നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. ഇറാന്‍ നിയമപ്രകാരം 50 ശതമാനത്തിലേറെ വോട്ടുകള്‍ നേടുന്ന സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കും. ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ മുന്നിലെത്തിയ രണ്ട് സ്ഥാനാര്‍ഥികള്‍ തമ്മില്‍ രണ്ടാംഘട്ട മല്‍സരം നടക്കും.

ഇറാന്റെ ചരിത്രത്തില്‍ 2005ല്‍ മാത്രമാണ് ഇതിന് മുമ്പ് വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. ഇബ്രാഹിം റഈസി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇറാനില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്. ആകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 80 പേരില്‍ ആറുപേര്‍ക്കാണ് ഗാര്‍ഡിയന്‍ കൗണ്‍സില്‍ മല്‍സരിക്കാന്‍ അനുമതി നല്‍കിയത്.

അതേസമയം വോട്ട് ചെയ്തവർക്ക് നന്ദി അറിയിക്കുന്നതായും തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം മസൂദ് പെസഷ്‌കിയാൻ പറഞ്ഞു. “ഞങ്ങൾ എല്ലാവരിലേക്കും സൗഹൃദത്തിൻ്റെ കരം നീട്ടും. നാമെല്ലാവരും ഈ രാജ്യത്തെ ആളുകളാണ്. എല്ലാവരേയും രാജ്യത്തിൻ്റെ പുരോഗതിക്കായി ഉപയോഗിക്കണമെന്നും മസൂദ് പെസഷ്‌കിയാൻ പറഞ്ഞു.

പരിഷ്‌കരണവാദിയും പാർലമെന്റംഗവുമാണ് മസൂദ് പെസഷ്‌കിയാൻ. മുൻ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ കൂടിയാണ് പെസഷ്‌കിയാൻ.  ഔദ്യോഗിക കണക്കനുസരിച്ച് 53.7 ശതമാനം വോട്ടുകളാണ് പെസെഷ്‌കിയാൻ നേടിയത്. എതിർ സ്ഥാനാർത്ഥി ജലീലിക്ക് 44.3 ശതമാനം വോട്ടുകളും നേടി. ഒന്നാം ഘട്ട വോട്ടെടുപ്പിൽ സ്ഥാനാർത്ഥികൾക്കാർക്കും 51 ശതമാനത്തിലേറെ വോട്ടുകൾ നേടാനാകാത്തതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0