'മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് മുൻഗണന വേണം'; കേന്ദ്രസര്‍ക്കാരിനോട് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

Jun 11, 2024 - 14:44
 0
'മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് മുൻഗണന വേണം'; കേന്ദ്രസര്‍ക്കാരിനോട് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

വംശീയ കലാപം ശക്തമാകുന്ന മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് പ്രാധാന്യം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് നിലവാരം കുറഞ്ഞെന്നും എല്ലാ കക്ഷികളും പ്രൊപ്പഗന്‍ഡ രാഷ്ട്രീയത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യാജ അജണ്ടയും വിവരങ്ങളും പ്രചരിപ്പിക്കാന്‍ സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിലെ ശിക്ഷാ വര്‍ഗ് പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ഭാഗവതിന്റെ പ്രതികരണം.

’’ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പുറത്തുള്ള അന്തരീക്ഷം വ്യത്യസ്തമായിരിക്കുന്നു. പുതിയ സര്‍ക്കാരും അധികാരത്തിലെത്തി. എല്ലാ തിരഞ്ഞെടുപ്പിലും പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിലാണ് ആര്‍എസ്എസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത്തവണയും അതുതന്നെയാണ് ചെയ്തത്,’’ ഭാഗവത് പറഞ്ഞു.

’’ അന്തസ്സില്ലാത്ത തിരഞ്ഞെടുപ്പ് പ്രചരണമായിരുന്നു നടന്നത്. നമ്മുടെ രാജ്യത്തിന്റെ അന്തരീക്ഷത്തെ പ്രചാരണം കൂടുതല്‍ പ്രക്ഷുബ്ധമാക്കി. സാങ്കേതിക വിദ്യയുടെ സഹായത്തോടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു. ഇതാണോ നമ്മുടെ സംസ്‌കാരം? സാങ്കേതിക വിദ്യ ഇങ്ങനെയാണോ ഉപയോഗിക്കേണ്ടത്?,’’ അദ്ദേഹം ചോദിച്ചു.

മണിപ്പൂരിലെ വംശീയ കലാപത്തെക്കുറിച്ചും അവിടെ സമാധാനം പുനസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.

’ ഒരുവര്‍ഷമായി മണിപ്പൂരിലെ ജനങ്ങള്‍ സമാധാനത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ആ സംസ്ഥാനം കത്തിക്കൊണ്ടിരിക്കുകയാണ്. മണിപ്പൂര്‍ വിഷയത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കണം. അത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്,’’ ഭാഗവത് പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷം മുമ്പ് വരെ മണിപ്പൂരില്‍ സമാധാനമുണ്ടായിരുന്നു. എന്നാണ് സ്ഥിതിഗതികള്‍ മാറിമറിഞ്ഞ കാര്യം പഠനവിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജാതിവ്യവസ്ഥയെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടെന്നും അതിനാല്‍ മാറ്റം നമ്മുടെ വീടുകളില്‍ നിന്ന് തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

’’ മറ്റ് പ്രത്യയ ശാസ്ത്രങ്ങള്‍ ശരിയുടെ ഏക സംരക്ഷകരായി സ്വയം അവരെ തന്നെ കാണുന്നു. ഭാരതത്തിലേക്ക് എത്തിയ മതങ്ങള്‍ക്കും ചിന്താസരണികള്‍ക്കും ചിലര്‍ അനുയായികളായി. അതിന് വിവിധ കാരണങ്ങളുണ്ട്. എന്നാല്‍ അതൊന്നും നമ്മുടെ സംസ്‌കാരത്തിന് വെല്ലുവിളിയല്ല. നമ്മുടേത് മാത്രമാണ് ശരിയെന്ന ചിന്താഗതിയില്‍ നിന്ന് മോചനം വേണം,’’ ഭാഗവത് പറഞ്ഞു.

’’ മുന്‍കാലങ്ങളില്‍ ചെയ്തതൊക്കെ മറന്ന് നാം മുന്നോട്ട് പോകണം. ലോകം വെല്ലുവിളികളില്‍ നിന്ന് മോചനം നേടാനുള്ള ശ്രമത്തിലാണ്. അവയ്ക്ക് പരിഹാരം കാണാന്‍ ഭാരതത്തിന് കഴിയും. അത്തരത്തില്‍ നമ്മുടെ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സ്വയം സേവകര്‍ ശാഖയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്,’’ ഭാഗവത് പറഞ്ഞു.

പാര്‍ലമെന്റിന് രണ്ട് വശങ്ങളുണ്ടെന്നും സര്‍ക്കാരും പ്രതിപക്ഷവും സമവായത്തോടെ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.