ഛത്തീസ്ഗഢില്‍ ഒന്‍പത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Sep 3, 2024 - 21:33
 0

ഛത്തീസ്ഗഢില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒന്‍പത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ബസ്തര്‍ മേഖലയില്‍ സുരക്ഷ സേന നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 10.30ന് ആയിരുന്നു സിആര്‍പിഫ്, സിആര്‍ജി എന്നിവര്‍ ഉള്‍പ്പെടെയുള്ള സംയുക്ത സംഘം ഓപ്പറേഷന്‍ ആരംഭിച്ചത്.

ദന്തേവാഡ, ബിജാപൂര്‍ ജില്ലകളുടെ അതിര്‍ത്തിയിലുള്ള വനപ്രദേശം കേന്ദ്രീകരിച്ചായിരുന്നു ഓപ്പറേഷന്‍. നേരത്തെ ബസ്തര്‍ മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രദേശത്ത് നിന്നും നിരവധി ആയുധങ്ങളും കണ്ടെത്തിയിരുന്നു. പ്രദേശത്ത് സംയുക്ത ഓപ്പറേഷന് ശേഷം നടത്തിയ പരിശോധനയില്‍ ഒന്‍പത് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

മൃതദേഹങ്ങള്‍ക്ക് പുറമേ നിരവധി ആയുധങ്ങളും സെല്‍ഫ് ലോഡിങ് റൈഫിളുകളും സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഓപ്പറേഷനില്‍ പങ്കെടുത്ത എല്ലാ സേനാംഗങ്ങളും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു. നേരത്തെ നാരായണ്‍പൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോവാദി സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു.

ഓഗസ്റ്റ് 29ന് ആയിരുന്നു നാരായണ്‍പൂരിലെ ഏറ്റുമുട്ടല്‍. ദന്തേവാഡ, ബിജാപൂര്‍ എന്നിവയുള്‍പ്പെടെ ഏഴ് മേഖലകള്‍ ഉള്‍പ്പെട്ടതാണ് ബസ്താര്‍. ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലോടെ സംസ്ഥാനത്ത് 154 മാവോയിസ്റ്റുകളാണ് ഈ വര്‍ഷം മാത്രം കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0