ഫ്ലാറ്റിന് തീ പിടിച്ചു; ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടിയ 35കാരനും രണ്ട് കുട്ടികൾക്കും ദാരുണാന്ത്യം

Jun 10, 2025 - 14:25
 0
രാജ്യ തലസ്ഥാനത്തെ ദ്വാരകയിൽ അപ്പാർട്ട്മെന്റിൽ ഉണ്ടായ വൻ തീപിടിത്തത്തെ തുടർന്ന് താഴേക്ക് ചാടിയ 35കാരനും രണ്ട് കുട്ടികൾക്കും ദാരുണാന്ത്യം. ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് തീപിടിത്തമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ദ്വാരക സെക്ടർ -13 ലെ ശപഥ് സൊസൈറ്റിയിലാണ് ദാരുണമായ സംഭവം റിപ്പോർട്ട് ചെയ്തത്.
തീപിടിത്ത സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ, കെട്ടിടത്തെ തീവിഴുങ്ങുന്നതും പുക ഉയരുന്നതും പ്രദേശം ചാരനിറത്തിലാക്കുന്നതും കാണാം. കെട്ടിടത്തിന്റെ ഒരു ബാൽക്കണിയിൽ ഒരു കൂട്ടം ആളുകളെയും കാണാം. ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചതെന്ന് വാർത്താ ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു. പത്ത് വയസുള്ള ആണ്‍കുട്ടിയും പെൺകുട്ടിയുമാണ് മരിച്ചത്. തീപിടത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ഇരട്ട സഹോദരങ്ങൾ ബാൽക്കണിയില്‍ നിന്ന് ചാടുകയായിരുന്നുവന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇവരെ ആകാശ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാൽക്കണിയിൽ നിന്ന് ചാടിയ ഇവരുടെ പിതാവ് യാഷ് യാദവും മരിച്ചു.
അതേസമയം, യാദവിന്റെ ഭാര്യയും മൂത്ത മകനും തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇവരെ വൈദ്യസഹായത്തിനായി ഐജിഐ ആശുപത്രിയിലേക്ക് മാറ്റി. ശപഥ് സൊസൈറ്റിയിലെ എല്ലാ താമസക്കാരെയും ഒഴിപ്പിച്ചു. അപ്രതീക്ഷിതമായ എന്തെങ്കിലും സംഭവങ്ങൾ ഒഴിവാക്കാൻ, വൈദ്യുതി, ഗ്യാസ് കണക്ഷനുകൾ താൽക്കാലികമായി വിച്ഛേദിച്ചിരുന്നു.
കെട്ടിടത്തിന്റെ ഘടനാപരമായ സ്ഥിരത പരിശോധിക്കാൻ ഡൽഹി വികസന അതോറിറ്റിയെയും (ഡിഡിഎ) ഡൽഹി മുനിസിപ്പൽ കോർപ്പറേഷനെയും (എംസിഡി) ചുമതലപ്പെടുത്തിയിട്ടുണ്ട്. തീ അണയ്ക്കാൻ എട്ട് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി. കൂടാതെ, രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സ്കൈ ലിഫ്റ്റുകളും വിന്യസിച്ചു. തീപിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0