കർണാടകയില്‍ സര്‍ക്കാര്‍ അധികൃതർ ക്രിസ്തു രൂപം തകർത്തു

ഹിജാബ് വിവാദം ആളിക്കത്തുന്നതിനിടയിൽ കർണാടകയിലെ കോലാര്‍ ജില്ലയിൽ ക്രിസ്തു രൂപം താലൂക്ക് അധികൃതർ തകർത്തു. മൃഗങ്ങൾക്ക് മേയാനായി അനുവദിച്ചിരിക്കുന്ന സർക്കാർ ഭൂമിയിലാണ് രൂപം നിൽക്കുന്നതെന്നുളള വാദം ഉയർത്തിയാണ് മുൽബഗാർ തഹസിൽദാരായ ശോഭിത ആർ പ്രതിമ തകർത്തു കളയാൻ അനുമതി നൽകിയത്

Feb 16, 2022 - 20:20
 0
കർണാടകയില്‍ സര്‍ക്കാര്‍ അധികൃതർ ക്രിസ്തു രൂപം തകർത്തു

ഹിജാബ് വിവാദം ആളിക്കത്തുന്നതിനിടയിൽ കർണാടകയിലെ കോലാര്‍ ജില്ലയിൽ ക്രിസ്തു രൂപം താലൂക്ക് അധികൃതർ തകർത്തു. മൃഗങ്ങൾക്ക് മേയാനായി അനുവദിച്ചിരിക്കുന്ന സർക്കാർ ഭൂമിയിലാണ് രൂപം നിൽക്കുന്നതെന്നുളള വാദം ഉയർത്തിയാണ് മുൽബഗാർ തഹസിൽദാരായ ശോഭിത ആർ പ്രതിമ തകർത്തു കളയാൻ അനുമതി നൽകിയത്. ഹൈക്കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടിട്ടുണ്ടെന്നു തഹസിൽദാർ പറഞ്ഞു. എന്നാൽ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായിരുന്നു ഇതെന്നും അതിനാൽ രൂപം തകർത്തത് അനധികൃതമായ നടപടിയാണെന്നും ചൂണ്ടിക്കാട്ടി ക്രൈസ്തവ നേതാക്കൾ പ്രതിഷേധവുമായി മുന്നോട്ട് പോകുകയാണ്.

തിങ്കളാഴ്ചയാണ് നൂറോളം പോലീസുകാരുമായി താലൂക്ക് അധികൃതർ 20 അടി ഉയരമുള്ള രൂപം തകർക്കാനായി എത്തിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കു രൂപം അധികൃതർ പൂർണമായി തകർക്കുകയായിരിന്നു. ഇതിനിടെ പ്രദേശത്ത് താമസിക്കുന്നവർ രൂപം തകർക്കുന്നതിനെതിരെ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്നു താലൂക്ക് അധികൃതർ പറയുന്നുണ്ടെങ്കിലും ആ ഉത്തരവ് തങ്ങളെ കാണിക്കാൻ അവർ തയ്യാറായിട്ടില്ലെന്ന് വൈദികനും, അഭിഭാഷകനുമായ ഫാ. തെരേസ് ബാബു പറഞ്ഞു.

ബുധനാഴ്ച (ഇന്ന്‍) ഹൈക്കോടതി വാദം കേൾക്കാനിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗോകുൻദേ ഗ്രാമത്തിൽ പണികഴിപ്പിച്ച ദേവാലയത്തിന് സമീപം 2004ലാണ് ക്രിസ്തു രൂപം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ സംഘർഷം ഉണ്ടാക്കാൻ ഏറെനാളായി ഹിന്ദുത്വവാദികൾ ശ്രമിക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ക്കൊണ്ട് കൂപ്രസിദ്ധിയാര്‍ജ്ജിച്ച സംസ്ഥാനമാണ് കര്‍ണ്ണാടക. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഒടുവിലത്തെ ഭരണകൂട അതിക്രമമാണ്  കോലാറിലേത്.